
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മഴക്കളി. ഇന്നലെത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരത്തിനാണ് രസംകൊല്ലിയായി മഴയെത്തിയത്.
സീസണില്‍ ജയമില്ലാതെ ഉഴറുന്ന കൊല്‍ക്കത്ത സ്വന്തം തട്ടകത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. 3.4 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്‌ടത്തില്‍ 25 റണ്ണെടുത്തുനില്‍ക്കെ മഴയെത്തി. ഇതോടെ മത്സരം നിര്‍ത്തിവച്ചു.
ആദ്യജയം തേടിയിറങ്ങിയ കൊല്‍ക്കത്തയ്‌ക്ക് ആശിച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍ ഫിന്‍ അലനും വണ്‍ഡൗണായെത്തിയ കാമറൂണ്‍ ഗ്രീനിനുമായില്ല. സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തില്‍ ഫിന്‍ അലനും അവസാന പന്തില്‍ ഗ്രീനും വീണു. വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രന്‍ സിങ്ങാണ് ഇരുവരെയും പിടികൂടിയത്. അര്‍ഷ്‌ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറില്‍ നായകന്‍ അജിന്‍ക്യ രഹാനെയും സഹഓപ്പണര്‍ ഫിന്‍ അലനും ചേര്‍ന്ന് 12 റണ്‍ അക്കൗണ്ടിത്തെിച്ചിരുന്നു.
മൂന്നാം പന്തില്‍ രഹാനെയും അഞ്ചാം പന്തില്‍ അലനും ഫോറടിച്ചു. പക്ഷേ, രണ്ടാം ഓവറില്‍ സേവ്യര്‍ ബാര്‍ട്ട്‌ലെന്റിന്റെ തീപാറും പന്തുകള്‍ അലനും കാമറൂണ്‍ ഗ്രീനിനും പവലിയനിലേക്കുള്ള വഴിതുറന്നു. നേരിട്ട ആദ്യപന്ത് ഫോറടിച്ച ശേഷമായിരുന്നു ഗ്രീനിന്റെ പുറത്താകല്‍. മഴമൂലം കളി നിര്‍ത്തുമ്പോള്‍ ആറു പന്തില്‍ എട്ടു റണ്ണുമായി അജിന്‍ക്യ രഹാനെയും ഏഴുപന്തില്‍ ഏഴു റണ്ണുമായി ആങ്ക്‌റിഷ് രഘുവംശിയുമായിരുന്നു ക്രീസില്‍.




