ചെന്നൈ: ഐ.പി.എലിലെ ആദ്യമൂന്നു കളിയിലും പരാജയപ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത. പരുക്കിന്റെ പിടിയിലുള്ള വെറ്ററന്‍ താരം മഹേന്ദ്രസിങ് ധോണിയുടെ ടീമിലേക്കുള്ള മടക്കം വൈകില്ലെന്നു സൂചന. കായികക്ഷമതാ പരിശോധന ഉടന്‍ നടക്കുമെന്ന് ടീംവൃത്തങ്ങള്‍ വ്യക്‌തമാക്കി. തുടര്‍ത്തോല്‍വികളുടെ തലവേദന മാറ്റാന്‍ 'തല'യുടെ വരവ് സഹായിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെയും ആരാധകരുടെയും പ്രതീക്ഷ. പരിശീലനക്യാമ്പിനിടെ അനുഭവപ്പെട്ട പേശിവലിവാണ് നാല്‍പ്പത്തിനാലുകാരനായ ധോണിയുടെ പുതിയ സീസണിലെ ആദ്യകളി വൈകിപ്പിക്കുന്നത്. തുടര്‍ത്തോല്‍വിയില്‍ ആത്മവിശ്വാസം നഷ്‌ടപ്പെട്ട ചെന്നൈ നിരയുടെ വീര്യം വീണ്ടെടുക്കാന്‍ ധോണിയുടെ സാന്നിധ്യം അനിവാര്യമാണെന്ന തിരിച്ചറിവ് മാനേജ്‌മെന്റിനുണ്ട്. ഇതോടെയാണ് താരത്തിന്റെ ഫിറ്റ്‌നസ് പരിശോധന വേഗത്തിലാക്കുന്നതു പരിഗണിക്കുന്നതെന്നാണു സൂചന.
11 ന് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയാണ് ചെന്നൈയുടെ അടുത്ത മത്സരം. ഇതിനുമുമ്പ് ധോണിയുടെ കായികക്ഷമതാ പരിശോധന നടന്നേക്കും. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ പരിശോധന നടത്തുന്നതോടെ താരത്തിന്റെ മടങ്ങിവരവിലെ അനിശ്‌ചിതത്വം അവസാനിക്കും.
പരുക്കിന്റെ പിടിയിലാണെങ്കിലും സൂപ്പര്‍ കിങ്‌സിനൊപ്പം ധോണി പരിശീലനം തുടരുന്നുണ്ട്. എവേ മത്സരങ്ങളില്‍ പക്ഷേ, താരം ടീമിനൊപ്പമില്ല. ചെന്നൈയിലെ സെഷനുകളില്‍ ബാറ്റിങ് പരിശീലനത്തിനിടെ 'തല' വലിയ അസ്വസ്‌ഥതകളൊന്നും പ്രകടിപ്പിക്കുന്നില്ലെന്നതും മാനേജ്‌മെന്റിന് പ്രതീക്ഷ പകരുന്ന ഘടകമാണ്. ഇതിനൊപ്പം യുവതാരം ഡെവാള്‍ഡ് ബ്രെവിസും പരുക്കില്‍നിന്നു മുക്‌തനായി എത്തുന്നത് ബാറ്റിങ് നിരയ്‌ക്കു കരുത്തുപകരും. ബ്രെവിസ് അടുത്ത മത്സരത്തില്‍ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യപരിശീലകന്‍ സ്‌റ്റീഫന്‍ ഫ്‌ളെമിങ് അറിയിച്ചു. ഇരുവരുടെയും ഒരുമിച്ചുള്ള മടങ്ങിവരവ് ചെന്നൈയുടെ തലവരതന്നെ മാറ്റും.
രാജസ്‌ഥാന്‍ റോയല്‍സില്‍നിന്നു ലോകകപ്പ് ഹീറോ സഞ്‌ജു സാംസണിനെ കൂടാരത്തിലെത്തിച്ചെങ്കിലും ചെന്നൈ ജഴ്‌സിയില്‍ തിളങ്ങാന്‍ മലയാളിതാരത്തിനായിട്ടില്ല. ആദ്യമൂന്നു കളിയിലും ഒറ്റയക്കത്തില്‍ പുറത്താകാനായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ വിധി. ധോണിക്കും ബ്രെവിസിനുമൊപ്പം 'ചേട്ടന്റെ' ഫോമിലേക്കുള്ള മടങ്ങിവരവിനായുമുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.




