ലണ്ടന്‍: സീസണിനൊടുവില്‍ പോര്‍ച്ചുഗല്‍ താരവും നായകനുമായ ബെര്‍ണാഡോ സില്‍വ ടീം വിടുമെന്ന് സ്‌ഥിരീകരിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്‌റ്റര്‍ സിറ്റി. കരാര്‍ അവസാനിക്കുന്ന ജൂണില്‍ ഫ്രീ എജന്റായാകും സില്‍വ പടിയിറങ്ങുന്നതെന്ന് സിറ്റിയുടെ അസിസ്‌റ്റന്റ് മാനേജര്‍ പെപ് ലിന്‍ഡേഴ്‌സ് അറിയിച്ചു.
31 വയസുകാരനായ പോര്‍ച്ചുഗല്‍താരത്തിന്റെ ഒന്‍പതുവര്‍ഷത്തെ സിറ്റികരിയറിന് ഇതോടെ തിരശീലവീഴും. 2017-ല്‍ എ.എസ്. മൊണാക്കോയില്‍നിന്നാണ് സില്‍വ സിറ്റിയിലെത്തുന്നത്. പെപ് ഗ്വാര്‍ഡിയോള പരിശീലകനായെത്തിയശേഷമുള്ള ടീമിന്റെ കുതിപ്പില്‍ മധ്യനിരതാരമായ സില്‍വയുടെ വിയര്‍പ്പേറെയാണ്. ക്ലബിനായി 450 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. ആറു പ്രീമിയര്‍ ലീഗ് കിരീടങ്ങളും യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും സില്‍വയുടെ അക്കൗണ്ടിലുണ്ട്.





