റോം: ഇറ്റാലിയന്‍ സിരി എ ഫുട്‌ബോള്‍ കിരീടത്തില്‍ പിടിമുറുക്കി ഇന്റര്‍ മിലാന്‍. കഴിഞ്ഞദിവസം എ.എസ്. റോമയെ രണ്ടിനെതിരേ അഞ്ചുഗോളിനു തകര്‍ത്തു. ഇതോടെ രണ്ടാം സ്‌ഥാനത്തുള്ള എ.സി. മിലാനുമായി ഒന്‍പതു പോയിന്റിനു മുന്നിലെത്താന്‍ ഇന്ററിനായി.
31 കളിയില്‍ ഇന്ററിന് 72 പോയിന്റും ഒരുകളി കുറച്ചുകളിച്ച എ.സി. മിലാന് 63 പോയിന്റുമാണുള്ളത്. 30 കളിയില്‍ 62 പോയിന്റുള്ള 62 പോയിന്റുള്ള നാപ്പൊളിയാണു മൂന്നാം സ്‌ഥാനത്ത്. കോമോയും യുവെന്റസുമാണ് യഥാക്രമം നാല്, അഞ്ച് സ്‌ഥാനങ്ങളില്‍. 54 പോയന്റുള്ള റോമ ആറാമതാണ്. ഇന്നലെ നടന്ന മറ്റൊരു കളിയില്‍ ഉഡിനീസും കോമോയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
മസിലിനു പരുക്കേറ്റ് ആഴ്‌ചകളായി കളത്തിനു പുറത്തായിരുന്ന നായകന്‍ ലൗട്ടാറോ മാര്‍ട്ടിനെസ് വീണ്ടും ബൂട്ടണിഞ്ഞ കളിയിലാണ് റോമയെ ഇന്റര്‍മിലാന്‍ നിലംപരിശാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മാര്‍ട്ടിനെസിന്റെ അവസാന ലീഗ് പോരാട്ടം. മടങ്ങിവരവില്‍ ഇരട്ടഗോളുമായി താരം തിളങ്ങി. പന്തുരുണ്ട് 59-ാം സെക്കന്‍ഡിലും രണ്ടാം പകുതിയുടെ 52-ാം മിനിറ്റിലും ലൗട്ടാറോ സ്‌കോര്‍ ചെയ്‌തു. ഹാക്കന്‍ കാല്‍ഹനോഗ്ലു, മാര്‍ക്കസ് തുറാം, നിക്കോളോ ബറേല എന്നിവരും ഇന്ററിനായി വലകുലുക്കി. ജിയാന്‍ ലൂക്ക മാന്‍സീനി, ലൊറെന്‍സോ പെല്ലഗ്രീനി എന്നിവര്‍ റോമയുടെ പരാജയഭാരം കുറച്ചു.
മാര്‍ക്കസ് തുറാമിന്റെ പാസില്‍ നിന്ന് കളിതുടങ്ങി ഒരുമിനിറ്റ് തികയുംമുമ്പേ മാര്‍ട്ടിനെസ് ഇന്ററിന്റെ അക്കൗണ്ട് തുറന്നു. 40-ാം മിനിറ്റില്‍ മാന്‍സീനി റോമയ്‌ക്കു സമനില സമ്മാനിച്ചു. പക്ഷേ, ആദ്യപകുതി അവസാനിക്കുംമുമ്പേ ഇന്റര്‍ വീണ്ടും ലീഡെടുത്തു. ഇന്‍ജുറി ടൈമില്‍ കാല്‍ഹനോഗ്ലു വലചലിപ്പിച്ചു.
രണ്ടാം പകുതിയുടെ 52-ാം മിനിറ്റില്‍ മാര്‍ട്ടിനെസ് ലീഡുയര്‍ത്തി. മൂന്നു മിനിറ്റിന്റെ ഇടവേളയില്‍ മാര്‍ക്കസ് തുറാമും സ്‌കോര്‍ ചെയ്‌തതോടെ ഇന്റര്‍ ജയമുറപ്പിച്ചു. 63-ാം മിനിറ്റില്‍ ബറേല വിജയികളുടെ പട്ടിക തികച്ചു. 70-ാം മിനിറ്റില്‍ പെല്ലഗ്രീനി റോമയുടെ പരാജയഭാരം കുറച്ചു.
ഇന്നലെ നടന്ന മറ്റൊരു കളിയില്‍ ലീസിനെ എതിരില്ലാത്ത മൂന്നു ഗോളിന് അറ്റലാന്റ വീഴ്‌ത്തി.




