
ബോളിവുഡിനെ ഏറെ ഞെട്ടിച്ചൊരു വിവാഹമോചനവാര്‍ത്തയായിരുന്നു ഹൃത്വിക് റോഷന്റേയും സുസെയ്‌ന്‍ ഖാന്റെയും. 2000ത്തില്‍ വിവാഹിതരായ ഇരുവരും രണ്ട് ആണ്‍മക്കളുണ്ടായ ശേഷം 2014ലാണ് വിവാഹമോചിതരായത്. വിവാഹമോചിതരായവര്‍ തമ്മില്‍ പിന്നീട് വലിയ ബന്ധമൊന്നും സൂക്ഷിക്കാതിരിക്കുന്നതാണ് സാധാരണയായുള്ള രീതി. അതുമാത്രമല്ല പരസ്പരം കുറ്റപ്പെടുത്തിയും അവഹേളിച്ചും ആ ബന്ധത്തിനെ ചവറ്റുകുഴിയിലേക്ക് തള്ളിയിടാറുണ്ട്.
എന്നാല്‍ ഈ പരമ്പരാഗത കാഴ്ചപ്പാടിന് വിരുദ്ധമായി സുഹൃത്തുക്കളായി തുടരുന്ന ‘എക്‌സ്’ ജോഡികളാണ് ഹൃത്വികും സുസെയ്‌നും. പരസ്പരബഹുമാനത്തോടെയും മക്കളുടെ വളർച്ചയിൽ ഒരുമിച്ച് പങ്കുചേർന്നും തങ്ങളുടെ ബന്ധത്തിന് പുതിയൊരു നിർവചനമാണ് ഇവര്‍ നല്‍കുന്നത്. രണ്ടുപേരും ജീവിതത്തിലേക്ക് പുതിയ കൂട്ടു തേടിയപ്പോഴും അതില്‍ സന്തോഷിച്ചും ആശംസകളറിയിച്ചും അവധിയാഘോഷങ്ങളില്‍ ഒരുമിച്ചു കൂടിയുമാണ് ഇവര്‍ വരും തലമുറയ്ക്ക് മാതൃകയാകുന്നത്.
ഇപ്പോഴിതാ ഹൃത്വികും സുസെയ്‌നും കാത്തുസൂക്ഷിക്കുന്ന പരസ്പര ബഹുമാനത്തെക്കുറിച്ച് സൂസൈന്റെ സഹോദരനും നടനുമായ സയ്യദ് ഖാൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഇവരുടെ വിവാഹമോചനത്തെക്കുറിച്ചും പുതിയ പങ്കാളികളെക്കുറിച്ചും പറയുന്ന സയ്യദ് ഖാന്‍, ഒന്നിച്ചുപോകാൻ സാധിക്കാത്ത ഒരു ബന്ധം മുറുകെ പിടിക്കുന്നതിൽ അർത്ഥമില്ലെന്നും പറയുന്നു.
‘‘അത് സംഭവിക്കേണ്ട ഒന്നായിരുന്നില്ല. തുടക്കത്തിൽ ഇത്തരം കാര്യങ്ങൾ ശരിയാക്കാൻ കഴിയുമെന്ന് നമുക്ക് തോന്നും. സുസെയ്‌നിൽ നിന്ന് ഇത് കേട്ടപ്പോള്‍, അല്പം സമയം നൽകാം, എല്ലാം ശാന്തമാകട്ടെ, ഒരു അവസരം കൂടി നൽകാം എന്നൊക്കെയാകും നമ്മൾ ചിന്തിക്കുക. പക്ഷേ അത് നടക്കില്ലായിരുന്നു. ഇല്ലാത്ത ഒന്ന് മുറുകെ പിടിക്കാൻ ശ്രമിക്കുന്നത് കൂടുതൽ മോശമാവുകയേ ഉള്ളൂ. രണ്ടുപേരും എന്തിനാണ് കഷ്ടപ്പെടുന്നത് ? എന്തിനുവേണ്ടി? അതുകൊണ്ട്, കഴിഞ്ഞത് കഴിഞ്ഞു, മക്കളുടെ ജീവിതത്തിൽ പങ്കുചേരാനും അവർ വളർന്ന് നല്ല യുവാക്കളാകുന്നത് കാണാനും നമുക്ക് സാധിക്കണം. അതായിരുന്നു ഞങ്ങളുടെ പ്രധാനലക്ഷ്യം, കുടുംബങ്ങളും ആ തീരുമാനത്തെ അംഗീകരിച്ചു. ഇനി സ്വന്തം സന്തോഷം കണ്ടെത്താം എന്നതിലായി ശ്രദ്ധ. ഞങ്ങൾ സാമൂഹിക സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന കുടുംബമല്ല. അത് കഴിഞ്ഞു, അവിടെ തീർന്നു. ഇനി സ്വന്തം സന്തോഷം കണ്ടെത്താനാണ് നോക്കേണ്ടത്.
സ്നേഹം എന്നത് വളരെ വിശാലമായ ഒരു വാക്കാണ്. ഹൃത്വികും സുസെയ്‌നും പരസ്പരം പുലർത്തുന്ന സ്നേഹവും ബഹുമാനവും മെച്ചപ്പെട്ടതാണ്. പരസ്പരമുള്ള കരുതലും അതിനേക്കാൾ അർത്ഥവത്താണ്. അവർക്ക് മികച്ച പങ്കാളികളെയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. എനിക്ക് സബയെ ഒരുപാട് ഇഷ്ടമാണ്, അവൾ നല്ലൊരു വ്യക്തിയാണ്. അർസ്‌ലാൻ (ആഷിം) എനിക്ക് അനുജനെപ്പോലെയാണ്. സബയും അർസ്‌ലാനും അത്രയും നല്ല മനുഷ്യരാണ്. ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കും. പരസ്പര ധാരണയോടെയുള്ള ഒരു അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാം എന്നതാണ് ഏറ്റവും പ്രധാനം...’’ സയ്യദ് ഖാന്‍ പറഞ്ഞു. വിമർശനങ്ങൾക്കിടയിലും തനിക്ക് വിശ്വസിക്കാൻ കൊള്ളാവുന്ന, സത്യസന്ധമായി കാര്യങ്ങൾ പറയാൻ സാധിക്കുന്ന ആളുകൾ കൂടെയുണ്ടാവുക എന്നതാണ് പ്രധാനമെന്നും താരം പറഞ്ഞു. തുടക്കം മുതല്‍ ഹൃത്വികും സുസെയ്‌നും പരസ്പരം താങ്ങായി നിൽക്കുന്നതിനെക്കുറിച്ച് സയ്യദ് ഖാന്‍ മുന്‍പും സംസാരിച്ചിട്ടുണ്ട്. അവർ വേർപിരിഞ്ഞെങ്കിലും താരം ഇപ്പോഴും അവരുടെ ജീവിതത്തിന്റെ ഭാഗമായി തുടരുന്നു. അവരെ അത്രയധികം അടുത്തറിയാവുന്നതു കൊണ്ടാണ് സയ്യദ് ഖാന്‍ പരാതികളും പരിഭവങ്ങളുമില്ലാതെ ഇന്നും ആ ബന്ധം തുടരുന്നത്.
ഹൃത്വിക് റോഷൻ ഇപ്പോൾ നടിയും ഗായികയുമായ സബ ആസാദുമായി പ്രണയത്തിലാണ്. സുസെയ്ൻ ഖാൻ അർസ്‌ലാൻ ഗോനിയുമായും ഏറെ നാളായി ബന്ധത്തിലാണ്.
2000-ൽ വിവാഹിതരായ ഹൃത്വികും സുസെയ്നും 14 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് വേര്‍പിരിഞ്ഞത്. എങ്കിലും തങ്ങളുടെ മക്കളായ ഹൃദാൻ, ഹ്രെഹാൻ എന്നിവരുടെ കാര്യത്തിൽ ഇരുവരും ഒന്നിച്ച് പങ്കുചേരാറുണ്ട്. ഹൃത്വിക്, സബ, സുസെയ്ൻ, അർസ്‌ലാൻ എന്നിവർ പലപ്പോഴും കുടുംബചടങ്ങുകളിലും അവധിക്കാല യാത്രകളിലും ഒത്തുചേരാറുണ്ട്.






