ഗുവഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പാരമ്യത്തില്‍ സംസ്ഥാനത്തെ വിധിനിര്‍ണയിക്കുന്ന 'തേയില ഗോത്രവിഭാഗത്തെ' (ടീ ൈട്രബ്) കൈപ്പിടിയിലൊതുക്കാന്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ പോരാട്ടം മുറുകുന്നു.
സംസ്ഥാനത്തെ വോട്ടര്‍മാരുടെ 20 ശതമാനത്തോളം വരുന്ന, എഴുപതു ലക്ഷത്തോളം അംഗങ്ങളുള്ള ഈ സമുദായം ഇത്തവണ ആരെ തുണയ്ക്കുമെന്നത് ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്ന ബി.ജെ.പിക്കും അധികാരം തിരിച്ചുപിടിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമാണ്. നിലവില്‍ മറ്റ് പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന തങ്ങള്‍ക്ക് പട്ടികവര്‍ഗ പദവി വേണമെന്ന സമുദായത്തിന്റെ ദീര്‍ഘകാല ആവശ്യമാണ് പ്രചാരണ രംഗത്തെ പ്രധാന ചര്‍ച്ചാവിഷയം.
19-ാം നൂറ്റാണ്ടില്‍ അസമിലെ തേയില തോട്ടങ്ങളില്‍ ജോലിക്കായി ബ്രിട്ടീഷുകാര്‍ മധ്യ ഇന്ത്യയില്‍ നിന്നു കൊണ്ടുവന്നവരുടെ പിന്‍ഗാമികളാണ് ഇപ്പോള്‍ തേയില ഗോത്രക്കാര്‍ എന്ന് അറിയപ്പെടുന്നത്. ഇതില്‍ ഭൂരിപക്ഷവും ഇപ്പോള്‍ തേയില മേഖലയിലല്ല ജോലി ചെയ്യുന്നത്. ബിശ്വനാഥ് മണ്ഡലത്തില്‍ നടന്ന പ്രചാരണ പരിപാടിയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തേയില തൊഴിലാളികളെ ലക്ഷ്യമിട്ട് വലിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തൊഴിലാളികളുടെ ദിനബത്ത 450 രൂപയായി വര്‍ധിപ്പിക്കുമെന്നും തേയില ഗോത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആറ് സമുദായങ്ങള്‍ക്ക് പട്ടികവര്‍ഗ പദവി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ നിലവിലെ ബി.ജെ.പി. സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിലും ഝാര്‍ഖണ്ഡിലും ഉള്‍പ്പെടെ പട്ടികവര്‍ഗക്കാരായി അംഗീകരിക്കപ്പെട്ട ഇവര്‍ അസമില്‍ മാത്രം അവഗണിക്കപ്പെടുകയാണെന്ന വാദമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സാന്നിധ്യവും അസം തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം.) സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനെത്തിയ സോറന്, സ്വന്തം നാട്ടില്‍ ഗോത്രവിഭാഗക്കാര്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ അസമിലെ തൊഴിലാളികള്‍ക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, സോറന്റെ സന്ദര്‍ശനത്തെ പരിഹസിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, അസം കൈവരിച്ച വികസനവും തേയിലത്തോട്ടം മേഖലയിലെ പുരോഗതിയും നേരിട്ടു മനസിലാക്കാന്‍ അയല്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് ലഭിച്ച അവസരമാണിതെന്ന് പ്രതികരിച്ചു. തൊഴിലാളികളുടെ വേതനം ഘട്ടംഘട്ടമായി 500 രൂപയാക്കി ഉയര്‍ത്തുമെന്നും ഭൂമിയില്ലാത്ത 3.5 ലക്ഷം കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുമെന്നുമാണ് ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. അസമിലെ ആകെ 126 സീറ്റുകളില്‍ 35 മണ്ഡലങ്ങളില്‍ നേരിട്ട് വിജയം നിശ്ചയിക്കാന്‍ ശേഷിയുള്ളവരാണ് ഈ വിഭാഗം. മറ്റ് പത്തോളം സീറ്റുകളില്‍ ഇവരുടെ നിലപാട് നിര്‍ണായകവുമാണ്. പ്രധാന മുന്നണികളെല്ലാം തന്നെ തോട്ടം മേഖലയിലെ പ്രമുഖ നേതാക്കളെത്തന്നെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്.
2014 മുതല്‍ ബി.ജെ.പിക്കൊപ്പം നിന്ന ഈ വോട്ടുബാങ്കിനെ, എസ്.ടി പദവിയും വേതന വര്‍ധനയും ഉയര്‍ത്തിക്കാട്ടി ഇത്തവണ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. റൈജോര്‍ ദള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യം തങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ അവകാശപ്പെടുന്നു.

