ആലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. പിന്തുണയുള്ള സ്വതന്ത്രസ്‌ഥാനാര്‍ഥി ജി. സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചു. മണ്ഡലത്തിലെ 195 ബൂത്തുകളിലും സുരക്ഷിതമായി വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.
നാലുതവണ എം.എല്‍.എയും രണ്ടുതവണ മന്ത്രിയുമായിരുന്ന താന്‍ ഇത്തവണ യു.ഡി.എഫ്. പിന്തുണയുള്ള സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ആ തീരുമാനമെടുത്തതു മുതല്‍ തനിക്കു ഭീഷണിയുണ്ട്. ൈഡ്രവര്‍ക്കുനേരെയും വധഭീഷണിയുയര്‍ന്നു. ഇതുസംബന്ധിച്ച് ഒട്ടേറെ പരാതി പോലീസിനു നല്‍കിയിരുന്നെന്നും സുധാകരന്റെ ഹര്‍ജിയില്‍ പറയുന്നു.
സി.പി.എം. അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയംഗം പ്രശാന്ത് എസ്. കുട്ടി, ലോക്കല്‍ കമ്മിറ്റിയംഗം അരുണ്‍ ലാല്‍, എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി റിയാസ് കെ. പൊന്നാടത്ത് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യാന്‍ വരുന്നവരെ തടയുമെന്ന് മൂവരും ഭീഷണിപ്പെടുത്തി.
പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നു സുധാകരന്‍ ആരോപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും പരാതി നല്‍കി. സുധാകരന്റെ ൈഡ്രവര്‍ക്കെതിരായ ഭീഷണിയെക്കുറിച്ച് പരാതി ലഭിച്ചതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ സ്‌ഥിരീകരിച്ചു.






