കറാച്ചി: പാകിസ്‌താന്‍ സൂപ്പര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് പരിശീലനത്തിനിടെ പന്തുകൊണ്ട് താരം അബോധാവസ്‌ഥയിലായെന്നു റിപ്പോര്‍ട്ട്. ഇസ്ലാമാബാദ് യുണൈറ്റഡിന്റെ പാക്‌താരം മിര്‍ ഹംസ സജ്‌ജാദിനാണ് പന്തുകൊണ്ട് പരുക്കേറ്റത്. ഹനീഫ് മുഹമ്മദ് ഹൈ ഫെര്‍ഫോമന്‍സ് സെന്ററില്‍ നടന്ന ടീമിന്റെ പരിശീലനത്തിനിടെ മാര്‍ക്ക് ചാപ്‌മാന്‍ അടിച്ച പന്താണ് വില്ലനായത്. ചാപ്‌മാന്‍ അടിച്ചകറ്റിയ പന്ത് പേസ് ബൗളറായ സജ്‌ജാദിന്റെ തലയ്‌ക്കു പിന്നില്‍ കൊള്ളുകയായിരുന്നു. പിന്നാലെ താരം അബോധാവസ്‌ഥയില്‍ നിലംപതിച്ചതോടെ ആശങ്കയായി. ഉടന്‍തന്നെ സജ്‌ജാദിനെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. ചികിത്സയിലുള്ള സജ്‌ജാദ് ബോധം വീണ്ടെടുത്തെന്നും ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ടെന്നുമാണു വിവരം. സംഭവത്തെത്തുടര്‍ന്ന് ടീമംഗങ്ങള്‍ പരിശീലനം നിര്‍ത്തി ഹോട്ടലുകളിലേക്കു മടങ്ങി. ദേശീയ ജഴ്‌സിയില്‍ ആറ് ടി-20 മത്സരങ്ങളില്‍നിന്നായി സജ്‌ജാദ് എട്ടു വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. എട്ട് ഫസ്‌റ്റ് ക്ലാസ് മത്സരങ്ങളില്‍ 25 വിക്കറ്റാണു സമ്പാദ്യം.



