കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് പുതിയ സീസണില്‍ അക്കൗണ്ട് തുറന്ന് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നിലവിലെ റണ്ണറപ്പുകളായ പഞ്ചാബ് കിങ്സിനെതിരേ സ്വന്തം മൈതാനത്തു നടന്ന പോരാട്ടം മഴ മുടക്കിയതോടെ അജിന്‍ക്യ രഹാനെയ്ക്കും സംഘത്തിനും ഒരുപോയിന്റായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 3.4 ഓവറില്‍ രണ്ടുവിക്കറ്റിന് 25 റണ്ണെടുത്തു നില്‍ക്കെയാണു മഴയെത്തിയത്. പോയിന്റ് പങ്കിട്ടതോടെ മൂന്നു കളിയില്‍ പഞ്ചാബിന് അഞ്ചുപോയിന്റായി. ഇത്രയും കളിയില്‍ രണ്ടു പരാജയം പിണഞ്ഞ കൊല്‍ക്കത്ത ഒരുപോയിന്റുമായി എട്ടാമതാണ്.
ഇന്നലെ ഗുവാഹത്തിയില്‍ നടന്ന രാജസ്ഥാന് റോയല്‍സ്-മുംബൈ ഇന്ത്യന്‍സ് മത്സരം മഴമൂലം 11 ഓവറായി ചുരുക്കി. രാത്രി ഏഴരയ്ക്കു നിശ്ചയിച്ചിരുന്ന മത്സരത്തില്‍ ആദ്യ പന്തെറിഞ്ഞത് 10.10 നാണ്. ടോസ് നേടിയ മുംബൈ എതിരാളികളെ ബാറ്റിങ്ങിനുവിട്ടു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന് മൂന്നോവറില്‍ വിക്കറ്റ്നഷ്ടം കൂടാതെ 58 റണ്ണടിച്ചു. യശസ്വി ജയ്സ്വാള്‍ (11 പന്തില്‍ 37), വൈഭവ് സൂര്യവംശി (ഏഴുപന്തില്‍ 20) എന്നിവരാണ് രാജസ്ഥാന് വെടിക്കെട്ട് തുടക്കം സമ്മാനിച്ചത്.



