
കൊച്ചി : ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന ബിജെപി 30 ലധികം മണ്ഡലങ്ങളിലാണ് പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷാ പോലും 12 സീറ്റുകളില്‍ വിജയം ഉറപ്പെന്ന് പ്രഖ്യാപിക്കുമ്പോള്‍ ബിജെപിയുടെ രണ്ടു യുവതുര്‍ക്കികള്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍ കൂടുതല്‍ ശ്രദ്ധ നേടുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കൊണ്ട് ശ്രദ്ധനേടിയ തിരുവല്ലയും സിനിമാതാരം ഉണ്ണിമുകുന്ദന്‍ പിന്തുണയുമായി എത്തിയ കോഴിക്കോട് സൗത്ത് മണ്ഡലവും. രണ്ടിടത്തും യുവാക്കള്‍ മത്സരിക്കുന്നതാണ് പ്രത്യേകത.
ബിജെപിയ്ക്ക് വേണ്ടി മത്സരത്തിന് ഇറങ്ങുന്ന രണ്ട് യുവതുര്‍ക്കികള്‍ ഇക്കുറി അമ്പരപ്പിക്കുമെന്ന് തീര്‍ച്ച. തിരുവല്ലയില്‍ ചുറുചുറുക്കോടെ വോട്ടര്‍മാരെ കാണുന്ന അനൂപ് ആന്റണിയ്ക്ക് എല്ലാ വിഭാഗം വോട്ടര്‍മാരെയും ഒരുപോലെ ആകര്‍ഷിക്കാന്‍ അനൂപിന് സാധിക്കുന്നുണ്ടെന്നാണ് ബിജെപി വിലയിരുത്തല്‍. നരേന്ദ്രമോദിയുടെ പ്രചരണസന്ദര്‍ശനവും തന്റെ വലംകൈ എന്ന് നടത്തിയ പ്രഖ്യാപനവും തിരുവല്ലയിലെ ബിജെപി ക്യാംപിനെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.
2016ല്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ 31000ല്‍പരം വോട്ടുകള് പിടിച്ച മണ്ഡലമാണ് തിരുവല്ല. പിന്നീട് 2016ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അശോകന്‍ കുളനട മത്സരിച്ചപ്പോള്‍ വോട്ട് 22,674 ആയി മാറി. 2021ല്‍ ഏകദേശം 6500 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മാത്യ ടി തോമസിനെ അതിജീവിച്ച് ബിജെപി വോട്ടുകള്‍ക്ക് പുറമേ 30,000 വോട്ടുകള്‍ കൂടി അനൂപിന് നേടാനാകുമെന്നാണ് പ്രതീക്ഷ.
കോഴിക്കോട് സൗത്തിലെ രണ്ട് സിപിഎം വാര്‍ഡുകള്‍ പിടിച്ചെടുത്ത യുവനേതാവ് ടി.റെനീഷിന്റെ കാര്യത്തിലും ബിജെപി വലിയ പ്രതീക്ഷ വെക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ടി. റെനീഷിനെ പിന്തുണച്ച് സിനിമാതാരം ഉണ്ണി മുകുന്ദന്‍ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ തവണ 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അഹമ്മദ് ദേവര്‍കോവില്‍ ജയിച്ചത്. ലീഗിന്റെ നൂര്‍ബീന റഷീദിനെയാണ് അട്ടമറിച്ചത്. ഇവിടെ അന്ന് മത്സരിച്ച നവ്യ ഹരിദാസ് 24000ല്‍പരം വോട്ടുകള്‍ നേടിയിരുന്നു. റനീഷ് വരുമ്പോള്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷ.






