ചെന്നൈ: തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ. കടന്നുപോകുന്നത്. അസാധാരണമായ രാഷ്‌ട്രീയ വെല്ലുവിളികളിലൂടെ. ഭരണകക്ഷിയായ ഡി.എം.കെയുടെ രാഷ്‌ട്രീയ നീക്കങ്ങള്‍ക്ക് പുറമെ, പാര്‍ട്ടിക്കുള്ളിലെ തന്നെ മുന്‍ പ്രമുഖരില്‍നിന്നുള്ള ഇരട്ട ആക്രമണമാണ് അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിക്ക് തലവേദനയാകുന്നത്.
മുന്‍ കോര്‍ഡിനേറ്ററും നിലവില്‍ ബോഡിനായ്‌ക്കന്നൂരില്‍ ഡി.എം.കെ. സ്‌ഥാനാര്‍ത്ഥിയുമായ ഒ. പനീര്‍സെല്‍വം (ഒ.പി.എസ്.), മുന്‍ ഇടക്കാല ജനറല്‍ സെക്രട്ടറി വി.കെ. ശശികല എന്നിവരാണ് പളനിസ്വാമിക്കെതിരേ പടയൊരുക്കം നടത്തുന്നത്. ശശികലയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ പുരട്‌ചി തലൈവര്‍ മക്കള്‍ മുന്നേറ്റ കഴകം തെരഞ്ഞെടുപ്പില്‍ 80 സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. തമിഴ്?നാടിന്റെ തെക്കന്‍ മേഖല കേന്ദ്രീകരിച്ചാണ് ഇരുവരുടെയും പ്രധാന പ്രചാരണം. അണ്ണാ ഡി.എം.കെയുടെ കരുത്തുറ്റ കോട്ടയായിരുന്ന തെക്കന്‍ ജില്ലകളില്‍ ഇതിനകം തന്നെ പനീര്‍സെല്‍വം നാല്‍പതോളം പൊതുയോഗങ്ങള്‍ നടത്തിക്കഴിഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ പളനിസ്വാമി തന്നോട് അനീതി കാട്ടിയെന്ന 'ഇരവാദം' ഉയര്‍ത്തിയാണ് പനീര്‍സെല്‍വത്തിന്റെ പ്രചാരണം.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച ശശികല, കമുതിയില്‍ വച്ച് പളനിസ്വാമിക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. പളനിസ്വാമി തന്നെ വഞ്ചിച്ചുവെന്ന് ആരോപിക്കുന്ന ശശികല, ഇന്നലെ തിരുപ്പറകുണ്ട്രത്ത് നിന്ന് തന്റെ പര്യടനം ആരംഭിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ദക്ഷിണ തമിഴ്?നാട്ടില്‍ അണ്ണാ ഡി.എം.കെയുടെ വോട്ടുവിഹിതത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഒ.പി.എസിന്റെയും ശശികലയുടെയും സാന്നിധ്യം സംബന്ധിച്ച് രാഷ്‌ടീയ നിരീക്ഷരുടെ ഇടയില്‍ ഭിന്നാഭിപ്രായമാണ്. ശശികലയുടെയും പനീര്‍സെല്‍വത്തിന്റെയും പ്രചാരണം അണ്ണാ ഡി.എം.കെയെ ദോഷകരമായി ബാധിക്കുമെന്ന് നേതാജി സേന ജനറല്‍ സെക്രട്ടറി എം. രാജപാണ്ഡ്യന്‍, കര്‍ഷക സംഘം നേതാവ് പി. മണികണ്‌ഠന്‍ തുടങ്ങിയവര്‍ കരുതുന്നു. എന്നാല്‍, ശശികലയുടെ കടന്നുവരവ് പളനിസ്വാമി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സഹായിക്കുമെന്നും അതുവഴി പളനിസ്വാമിക്ക് അത് ഗുണകരമാകുമെന്നും സാമൂഹിക പ്രവര്‍ത്തകനായ എ.ജി.എം. ശിവഗുരുനാഥന്‍ അഭിപ്രായപ്പെടുന്നു.
അതേസമയം, പാര്‍ട്ടിയുടെ ചിഹ്‌നമായ 'രണ്ടില'യ്‌ക്കെതിരേ നില്‍ക്കുന്നവരെ ജനങ്ങള്‍ സ്വീകരിക്കില്ലെന്നും പാര്‍ട്ടിയുടെ ആനുകൂല്യങ്ങള്‍ പറ്റി വളര്‍ന്നവരാണ് ഇപ്പോള്‍ കാലുമാറുന്നതെന്നും മുന്‍ മന്ത്രിയും അണ്ണാ ഡി.എം.കെ. സ്‌ഥാനാര്‍ഥിയുമായ ആര്‍.ബി. ഉദയകുമാര്‍ പറഞ്ഞു.
ടി.ടി.വി. ദിനകരന്റെ എ.എം.എം.കെയെ സഖ്യത്തില്‍ ഉള്‍പെടുത്തി തിരിച്ചടി മറികടക്കാമെന്ന പ്രതീക്ഷയിലാണ് നിലവില്‍ എടപ്പാടി പളനിസ്വാമി.



