ന്യൂഡല്‍ഹി: വിമതസ്വരമുയര്‍ത്തി ആം ആദ്‌മി പാര്‍ട്ടിക്ക് അനഭിമതനായ രാഘവ് ഛദ്ദ എം.പിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നതില്‍ ആകാംക്ഷ. ആം ആദ്‌മി പാര്‍ട്ടിയുടെ രാജ്യസഭാ ഉപനേതൃപദത്തില്‍നിന്ന് പുറത്തായ ഛദ്ദ പുതിയ പാര്‍ട്ടി രൂപീകരിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ ഛദ്ദ പങ്കുവച്ച റീലിലെ സൂചനകള്‍ അതിലേക്കാണു വിരല്‍ചൂണ്ടുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. യുവതലമുറ എം.പി. 'ജെന്‍-സീ' പാര്‍ട്ടി രൂപീകരിക്കുമെന്നായി ഇതോടെ അഭ്യൂഹം. ഛദ്ദ പക്ഷേ, ഇതു സ്‌ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്‌തിട്ടില്ല. സ്വന്തം പാര്‍ട്ടി രൂപീകരിക്കുക എന്നത് 'താല്‍പ്പര്യമുള്ള ചിന്ത'യാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിലവില്‍ ഛദ്ദയ്‌ക്കു ലഭിക്കുന്ന ജനപിന്തുണ പരിഗണിച്ചാല്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഒരു ഇന്‍സ്‌റ്റഗ്രാം ഉപയോക്‌താവ് കുറിച്ചു. ജെന്‍-സി പാര്‍ട്ടിയെന്നോ അദ്ദേഹത്തിന് ഉചിതമായ മറ്റേതെങ്കിലും പേരിലോ പാര്‍ട്ടി തുടങ്ങാം. ഇനി മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന പിന്തുണ കിട്ടണമെന്നില്ല. കൂടാതെ ചിലരുടെയെങ്കിലും അപ്രീതിക്കു പാത്രമാകേണ്ടിവരികയും ചെയ്യും. അതിനാല്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നതാണ് ഉചിതം- ഇന്‍സ്‌റ്റഗ്രാം ഉപയോക്‌താവ് കുറിച്ചു.
നാളുകളായി ബി.ജെ.പി. ചായ്‌വു പുലര്‍ത്തുന്നുണ്ടെന്ന സംശയത്തിനിടെയാണ് രാജ്യസഭാ ഉപ നേതാവ് പദവിയില്‍നിന്ന് രാഘവ് ഛദ്ദയെ ആം ആദ്‌മി പാര്‍ട്ടി നീക്കുന്നത്. ഇതോടെ ഛദ്ദ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്‌തമായി. അതിനിടെയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയെന്ന ആശയം ഉയര്‍ന്നിരിക്കുന്നത്.


