ബംഗളുരു: കുടകില്‍ ട്രെക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ജി.എസ്. ശരണ്യയ്‌ക്കെതിരേ പരാതി നല്‍കി ബി.ജെ.പി.
ശരണ്യയുടെ തിരോധാനം വ്യാജമാണെന്നും അതിജീവനകഥ പ്രശസ്‌തിക്കുവേണ്ടിയുണ്ടാക്കിയ നാടകമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി. പ്രാദേശികഘടകം നാപോക്ലു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. നാലുദിവസം വനത്തില്‍ കുടുങ്ങിയിട്ടും ശരണ്യയ്‌ക്ക് യാതൊരു ക്ഷീണമുണ്ടായിരുന്നില്ലെന്നും കണ്ടെത്തുമ്പോള്‍ സന്തോഷവതിയായിരുന്നത് സംശയമുണര്‍ത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു പരാതി നല്‍കിയത്. പര്‍വതാരോഹകനായ ഷെയ്‌ഖ് ഹസന്‍ ഖാനും ശരണ്യയുടെ അതിജീവനത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ശരണ്യയുടെ അവസ്‌ഥയും ശാന്തമായ പെരുമാറ്റവും വനത്തിലെ സാധാരണ അതിജീവന അനുഭവങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നായിരുന്നു ഷെയ്‌ഖ് ഹസന്‍ ഖാന്‍ ചൂണ്ടിക്കാട്ടിയത്. കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടി ട്രെക്കിങ്ങിനിടെ കാണാതായ ജി.എസ്. ശരണ്യയെ നാലാംദിവസമാണു കണ്ടെത്തിയത്. വ്യാപക തെരച്ചിലിനിടെ പ്രദേശവാസികളാണു കുടകിലെ വനമേഖലയില്‍ ശരണ്യയെ കണ്ടെത്തിയത്. കൊച്ചിയില്‍ ഐടി ജീവനക്കാരിയായ ശരണ്യ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിങ്ങിനായി പുറപ്പെട്ടത്. ഒറ്റയ്‌ക്കാണ് ശരണ്യ ട്രക്കിങ്ങിനെത്തിയത്. വനത്തിലേക്ക് ഒറ്റയ്‌ക്കു വിടാന്‍ കഴിയില്ലെന്നു വ്യക്‌തമാക്കിയ വനംവകുപ്പ് അധികൃതര്‍, മറ്റൊരു പത്തംഗ സംഘത്തിനൊപ്പമാണ് ശരണ്യയെ ട്രക്കിങ്ങിനായി അയച്ചത്. എന്നാല്‍, ട്രക്കിങ്ങിനിടെ ശരണ്യയ്‌ക്കു വഴിതെറ്റുകയായിരുന്നു. മലകയറുന്നതിനിടെ ചെറിയൊരു അബദ്ധം പറ്റിയതാണ് വഴിതെറ്റാന്‍ കാരണമെന്നാണു ശരണ്യ പറയുന്നത്. മുകളിലുണ്ടായിരുന്ന ആളുകളെ കാണാതായപ്പോള്‍ അവരെ കണ്ടെത്താനായി ഇടത് ഭാഗത്തൂടെ കറങ്ങി വരാന്‍ ശ്രമിച്ചെങ്കിലും ആരെയും കാണാന്‍ സാധിച്ചില്ല. നെറ്റ്‌വര്‍ക്ക് നഷ്‌ടമായതോടെ കൊടുംവനത്തിനുള്ളില്‍ പെട്ടുപോയ താന്‍ എങ്ങനെയെങ്കിലും താഴേക്ക് എത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. കൈവശം ഭക്ഷണമൊന്നുമില്ലായിരുന്നു. ഒരു കുപ്പി വെള്ളം മാത്രമായാണു വനത്തിനുള്ളില്‍ കഴിഞ്ഞതെന്നും ശരണ്യ പറഞ്ഞിരുന്നു.



