പുനെ: വന്‍തുക ലാഭവാഗ്‌ദാനത്തില്‍ കുടുങ്ങി പുനെയില്‍ വയോധികനായ ഡോക്‌ടര്‍ക്ക് നഷ്‌ടമായത് 12 കോടിയിലധികം രൂപ. തങ്ങള്‍ മുഖാന്തിരം ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ചാല്‍ 11 ദിവസത്തിനകം 54 കോടി രൂപയായി തിരികെ ലഭിക്കുമെന്നായിരുന്നു ഓണ്‍ലൈന്‍തട്ടിപ്പുകാരുടെ വാഗ്‌ദാനം. ഇതു വിശ്വസിച്ച് പലതവണകളായി തട്ടിപ്പുകാര്‍ നിര്‍ദേശിച്ച അക്കൗണ്ടിലേക്കു തുക നിക്ഷേപിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് സംഭവം കബളിപ്പിക്കലാണെന്നു വ്യക്‌തമായത്.
കഴിഞ്ഞ ജനുവരിയിലാണ് എഴുപത്തഞ്ചുകാരനായ ഡോക്‌ടര്‍ക്കു ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ചാല്‍ വന്‍തുക ലാഭം വാഗ്‌ദാനം ചെയ്‌ത് അജ്‌ഞാത ഫോണ്‍ നമ്പറില്‍നിന്ന് ആദ്യമായി സന്ദേശമെത്തിയത്. കുറഞ്ഞ കാലയളവില്‍ കൂടുതല്‍ ലാഭമെന്ന മോഹനവാഗ്‌ദാനത്തില്‍ ഡോക്‌ടര്‍ വീണു. തുക നല്‍കാമെന്നു സമ്മതം മൂളിയതോടെ 'വി.ഐ.പി. സ്‌റ്റോക്ക് 24' എന്ന വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഡോക്‌ടറെ തട്ടിപ്പുകാര്‍ അംഗമാക്കി. ആകര്‍ഷകവും ലാഭദായകവുമായ നിക്ഷേപ പദ്ധതികളുടെ വിശദാംശങ്ങള്‍ ഈ ഗ്രൂപ്പിലൂടെ കൈമാറിയതോടെ വിശ്വാസം ഇരട്ടിച്ചു. പിന്നാലെ വിഖ്യാത രാജ്യാന്തര സ്‌ഥാപനത്തിന്റെ പേരിനോടു സാമ്യമുള്ള ഓഹരിയില്‍ ഇടപാടുകള്‍ നടത്താന്‍ തട്ടിപ്പുകാര്‍ നിര്‍ദേശിച്ചു. ഇതിനായി ഡോക്‌ടറുടെ വ്യക്‌തിഗത, അക്കൗണ്ട് സംബന്ധിയായ വിശദാംശങ്ങള്‍ തേടി. വൈകാതെ വ്യത്യസ്‌ത ബാങ്ക് അക്കൗണ്ടുകളിലേക്കു തുക നിക്ഷേപിക്കാന്‍ അഭ്യര്‍ഥിച്ചു. ഇതോടെ എട്ട് തവണകളായി 12.31 കോടി രൂപ ഡോക്‌ടര്‍ നിക്ഷേപിച്ചു. മാര്‍ച്ച് ഏഴുമുതല്‍ 18 വരെയുള്ള തീയതികളിലായി എട്ടു വ്യത്യസ്‌ത അക്കൗണ്ടുകളിലേക്കാണു പണം കൈമാറിയത്.
കൂടുതല്‍ തുക നിക്ഷേപിക്കാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതോടെ ഡോക്‌ടര്‍ക്കു സംശയമായി. ഇതോടെ തട്ടിപ്പുകാര്‍ സ്വരം മാറ്റി. ആസ്‌തികള്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുമെന്നായിരുന്നു ഭീഷണി. മൂന്നു മാസത്തോളം പണം നിക്ഷേപിച്ചെങ്കിലും നയാപ്പൈസപോലും തിരികെ ലഭിച്ചില്ല. ഇതിനിടയിലും കൂടുതല്‍ പണം കൈമാറാന്‍ തട്ടിപ്പുകാരുടെ ഭാഗത്തുനിന്നു സമ്മര്‍ദം തുടരുന്നുണ്ടായിരുന്നു. ഇതോടെ ഡോക്‌ടര്‍ക്കു സംശയമായി. തുടര്‍ന്നു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പണം തട്ടിപ്പുകാരുടെ കൈകളിലെത്തിയതായി വ്യക്‌തമായി.


