ന്യൂഡല്‍ഹി: ദക്ഷിണേഷ്യയിലെ തന്ത്രപ്രധാന കേന്ദ്രമാകാന്‍ ലക്ഷ്യമിട്ട് ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ ഇന്ത്യ വന്‍ പ്രതിരോധ പദ്ധതികളൊരുക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിധ്യമേറുമ്പോള്‍ ഇന്ത്യയും സ്വന്തം ശേഷി വര്‍ധിപ്പിക്കുന്നതിന്റെ സൂചനയാണിത്. ചൈനയുടെ എണ്ണ-വ്യാപാര ഗതാഗതത്തിന്റെ ഭൂരിഭാഗവും നിര്‍വഹിക്കപ്പെടുന്ന മലാക്ക കടലിടുക്കിനു സമീപമാണു നിര്‍ണായകമായ ഈ ദ്വീപ്. നിരീക്ഷണശേഷിയും അടിസ്‌ഥാന സൗകര്യങ്ങളും വ്യോമപ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താന്‍ ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിക്കു കഴിയുമെന്നാണു പ്രതീക്ഷ. കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്‌ക്കു ശക്‌തമായ സ്‌ഥാനം നല്‍കാനും പദ്ധതി സഹായിക്കും.
ലോകത്തിലെ ഏറ്റവും തിരക്കേറിയ കടല്‍പ്പാതകളിലൊന്നാണു മലാക്ക കടലിടുക്ക്. ചൈനയുടെ എണ്ണ ഇറക്കുമതിയുടെ വലിയൊരു പങ്കും ചരക്കുകളും ഇതുവഴിയാണു കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ചൈനയുടെ തന്ത്രപരമായ ദൗര്‍ബല്യമായി ഈ പാതയെ വിശേഷിപ്പിക്കാറുണ്ട്. മലാക്ക കടലിടുക്കിന്റെ പടിഞ്ഞാറന്‍ പ്രവേശന കവാടത്തിനു സമീപമാണ് ഗ്രേറ്റ് നിക്കോബാര്‍ ദ്വീപ് സ്‌ഥിതിചെയ്യുന്നത്. ഇതുവഴിയുള്ള കപ്പല്‍ ഗതാഗതം നിരീക്ഷിക്കാനും മേഖലയിലുടനീളം സമുദ്രസുരക്ഷാ അവബോധം വര്‍ധിപ്പിക്കാനും ഇന്ത്യയ്‌ക്കു കഴിയും.
ആധുനിക റഡാര്‍ സംവിധാനങ്ങളും നിരീക്ഷണ സംവിധാനങ്ങളും സ്‌ഥാപിക്കുന്നത് ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയുടെ പ്രധാന ഘടകങ്ങളിലൊന്നാണ്. സമുദ്രപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ട്രാക്ക് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. അന്തര്‍വാഹിനികളുടെ നീക്കങ്ങളും നാവികക്കപ്പലുകളുടെ ചലനങ്ങളും ഇതിലൂടെ സൂക്ഷ്‌മമായി നിരീക്ഷിക്കാം. ഇന്ത്യയുടെ നാവിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ണായകമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇതുപകരിക്കും.
ഗ്രേറ്റ് നിക്കോബാറില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള രാജ്യാന്തര വിമാനത്താവളം സിവില്‍-സൈനിക ആവശ്യങ്ങള്‍ക്ക് ഒരുപോലെ ഉപയോഗിക്കാനാകും. വാണിജ്യ സര്‍വീസുകള്‍ക്കൊപ്പം ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും ഇവിടെനിന്നു പ്രവര്‍ത്തിപ്പിക്കാം. ദക്ഷിണ-കിഴക്കന്‍ ഏഷ്യന്‍ മേഖലകളിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വലിയൊരു ഭാഗത്തും ഇന്ത്യയുടെ നിരീക്ഷണ ശേഷി വര്‍ധിക്കാന്‍ ഇതിടയാക്കും.
ഇന്ത്യയുടെ ഏക ൈട്ര സര്‍വീസ് കമാന്‍ഡായ ആന്‍ഡമാന്‍-നിക്കോബാര്‍ കമാന്‍ഡിന് ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി വലിയ പിന്തുണ നല്‍കും. വലിയ യുദ്ധക്കപ്പലുകളെയും വിമാനവാഹിനി കപ്പലുകളെയും കൈകാര്യം ചെയ്യാവുന്ന ആഴമുള്ള തുറമുഖങ്ങള്‍ വികസിപ്പിക്കാനും ആലോചനയുണ്ട്. ഇന്ധനം, ഉപകരണങ്ങള്‍, മറ്റു സാധനങ്ങള്‍ എന്നിവ സംഭരിക്കാനുള്ള കേന്ദ്രമായും ദ്വീപിനെ വികസിപ്പിക്കും.
'സ്‌ട്രിങ് ഓഫ് പേള്‍സ്' തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ വിവിധ രാജ്യങ്ങളില്‍ ചൈന തുറമുഖങ്ങളും അടിസ്‌ഥാന സൗകര്യങ്ങളും വികസിപ്പിച്ചു വരികയാണ്. മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പദ്ധതികള്‍ ഇതിലുള്‍പ്പെടുന്നു. ചൈനയുടെ ഇത്തരം നീക്കങ്ങള്‍ക്കു മറുപടിയെന്ന നിലയിലാണ് ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ ഇന്ത്യ ശക്‌തിപ്പെടുത്തുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ സ്വാധീനമുറപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.



