ന്യൂഡല്‍ഹി: പലിശനിരക്കുകള്‍ ദീര്‍ഘകാലത്തേക്കു കുറഞ്ഞനിരക്കില്ത്തന്നെ തുടരുമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തവും പൂര്‍വസ്ഥിതി പ്രാപിക്കാന്‍ ശേഷിയുള്ളതുമാണെന്ന് ധനനയം സംബന്ധിച്ച യോഗത്തിനുശേഷം മല്‍ഹോത്ര മാധ്യമങ്ങളോട് പറഞ്ഞു.
ഈ സാമ്പത്തികവര്‍ഷം ആകെ ആഭ്യന്തരോത്പാദനത്തില്‍ (ജി.ഡി.പി) 6.9% വര്‍ധനയാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പനിരക്ക് 4.6 ശതമാനവും. കഴിഞ്ഞ സാമ്പത്തികവര്‍ഷം പ്രതീക്ഷിച്ച ജി.ഡി.പി. വര്‍ധന 7.6 ശതമാനമായിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവിലക്കയറ്റം, രൂപയുടെ മൂല്യത്തകര്‍ച്ച, വാണിജ്യമേഖലയിലെ മാന്ദ്യം എന്നിവ കണക്കിലെടുത്ത് റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിര്‍ത്താന്‍ ആറംഗ ധനനയസമിതി ഏകകണ്ഠമായി തീരുമാനിച്ചു. ഇറാനുമായി യു.എസ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതും സമിതി കണക്കിലെടുത്തു.



