ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിലേറെയായി കോമയില്‍ കഴിയുന്ന ഭര്‍ത്താവില്‍നിന്നു കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ അനുമതി തേടി യുവതി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. 2025 മാര്‍ച്ച് മുതല്‍ ഭര്‍ത്താവ് തീവ്രപരിചരണ വിഭാഗത്തിലാണ്. ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണു ജീവന് നിലനിര്‍ത്തുന്നത്. ഭാവിയില്‍ അമ്മയാകാന്‍ അദ്ദേഹത്തിന്റെ ബീജം ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് യുവതിയുടെ ആവശ്യം.ആരോഗ്യമുള്ള ബീജത്തിന്റെ ലഭ്യത ഇപ്പോഴും സാധ്യമായതിനാല്‍ സാമ്പിള്‍ സൂക്ഷിക്കാന്‍ അനുമതിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നതെന്നു അവരുടെ അഭിഭാഷകന് അര്‍ജിത് ഗൗര്‍ പറഞ്ഞു.
ബീജം എടുക്കാന്‍ കൂടുതല്‍ കാലതാമസം നേരിട്ടാല്‍ സാമ്പിള്‍ നശിച്ചുപോകാന്‍ ഇടയാക്കുമെന്നും അതുവഴി കുട്ടിയുണ്ടാകുമെന്ന അവരുടെ പ്രതീക്ഷകള്‍ കെടുത്തിക്കളയുമെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.ഭര്‍ത്താവിന്റെ നിലവിലെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സാമ്പിള്‍ വീണ്ടെടുക്കുന്നതും സംരക്ഷിക്കുന്നതും സാധ്യമാണോ സുരക്ഷിതമാണോ എന്ന് നിര്‍ണയിക്കാന്‍ ഒരു വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഹര്‍ജിക്കാരി ആവശ്യപ്പെട്ടു.
നിയമപരമായ തടസങ്ങളും ഇണയുടെ സമ്മതവും ഒരു ദശാബ്ദമോ അതില്‍ കൂടുതലോ ബീജം സംരക്ഷിക്കാന്‍ കഴിയുമെങ്കിലും, ഈ പ്രക്രിയ നിയമപരമായ ചട്ടങ്ങളാല്‍ കര്‍ശനമായി നിയന്ത്രിക്കപ്പെടുന്നു. ഇണയുടെ സമ്മതം സംബന്ധിച്ച നിലവിലെ നിയമങ്ങളാണു കേസിലെ പ്രധാന തടസം. 2021ലെ നിയമങ്ങള്‍ പ്രകാരം, ബീജത്തിന്റെ ഉപയോഗത്തിന് ഭാര്യാഭര്ത്താക്കന്മാരുടെ പരസ്പര സമ്മതം അത്യാവശ്യമാണ്.
ഭര്‍ത്താവിനു തന്റെ മെഡിക്കല്‍ അവസ്ഥ കാരണം സമ്മതം നല്കാന് കഴിയാത്തപ്പോള്‍ ഈ നിയമങ്ങള്‍ എങ്ങനെ ബാധകമാകുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. മുന്‍കൂര്‍ അനുമതിയോടെ മരണാനന്തര ബീജ ശേഖരണം സാധ്യമാണെങ്കിലും, അബോധാവസ്ഥയില്‍ കഴിയുന്ന ഒരു രോഗി ഉള്‍പ്പെടുന്ന നിലവിലെ സാഹചര്യം ധാര്‍മ്മികതയെയും വൈദ്യശാസ്ത്രത്തെയും സംബന്ധിച്ച സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇന്ന് ഈ വിഷയം കോടതി പരിഗണിക്കും. കേസ് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന് ആയുഷ് ഗൗര്‍ കോടതിയെ അറിയിച്ചു.



