ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ നിരീക്ഷകരും ജനങ്ങളും ഒരുപോലെ ഉറ്റുനോക്കുന്നത് നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) പരീക്ഷണാര്‍ത്ഥമുള്ള അരങ്ങേറ്റത്തിലേക്കാണ്. ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ കോട്ടകളില്‍ വിള്ളല്‍ വീഴ്‌ത്താന്‍ ഒരു മൂന്നാം ശക്‌തിക്ക് കഴിയുമോ എന്ന ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍, വിജയുടെ രാഷ്‌ട്രീയ പ്രവേശനം തമിഴ് മണ്ണിലെ പരമ്പരാഗത വോട്ട് ബാങ്കുകളെ എങ്ങനെ ബാധിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയ കേന്ദ്രങ്ങള്‍.
നടന്‍ വിജയ് സ്വന്തം രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷത്തിലേറെയായെങ്കിലും, ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്തതിനാല്‍ പാര്‍ട്ടിയുടെ ജനപ്രീതി എത്രത്തോളമുണ്ടെന്ന കാര്യത്തില്‍ രാഷ്‌ട്രീയ നിരീക്ഷകര്‍ക്കിടയില്‍ ഇപ്പോഴും അവ്യക്‌തത തുടരുകയാണ്. വരാനിരിക്കുന്ന തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നേടാന്‍ സാധ്യതയുള്ള വോട്ട് വിഹിതത്തെക്കുറിച്ച് വ്യക്‌തമായ ചിത്രമൊന്നും ഇതുവരെ ലഭ്യമല്ല. എങ്കിലും പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതീക്ഷകളാണ് നിലനില്‍ക്കുന്നത്. തമിഴക വെട്രി കഴകത്തിന് ഏകദേശം 25 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്ന് പാര്‍ട്ടിക്കുള്ളിലെ ഭാരവാഹികള്‍ അനൗദ്യോഗികമായി കണക്കുകൂട്ടുന്നു.
എന്നാല്‍, പുറത്തുള്ള രാഷ്‌ട്രീയ നിരീക്ഷകര്‍ക്കിടയില്‍ ഈ കാര്യത്തില്‍ വ്യത്യസ്‌തമായ അഭിപ്രായങ്ങളാണുള്ളത്. പരേതനായ നടന്‍ വിജയകാന്തിന്റെ ഡി.എം.ഡി.കെ. ആദ്യ തെരഞ്ഞെടുപ്പില്‍ കാഴ്‌ചവച്ച പ്രകടനം പോലെ എട്ട് മുതല്‍ പത്ത് ശതമാനം വരെ വോട്ട് വിജയ് നേടുമെന്ന് ഒരു വിഭാഗം കരുതുമ്പോള്‍, വോട്ട് വിഹിതം 15 ശതമാനം വരെ ഉയര്‍ന്നേക്കാമെന്ന് മറ്റൊരു വിഭാഗം നിരീക്ഷിക്കുന്നു.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം മുന്‍കൂട്ടി പ്രവചിക്കുക എന്നത് എക്കാലത്തും സങ്കീര്‍ണമായ ഒന്നാണ്. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് രാഷ്‌ട്രീയത്തിലേക്ക് എത്തിയ വിജയ് എന്ന നവാഗതന്റെ വരവ് സംസ്‌ഥാനത്തെ രാഷ്‌ട്രീയ സമവാക്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2025 ഫെബ്രുവരിയില്‍ നടന്ന ഈറോഡ് ഈസ്‌റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി മത്സരിച്ചിരുന്നില്ല. അതിനാല്‍ തന്നെ പാര്‍ട്ടിയുടെ യഥാര്‍ഥ അടിത്തറ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. മറ്റേതെങ്കിലും മുന്നണിയുടെ ഭാഗമാകാതെ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം തമിഴ്‌നാട്ടില്‍ ഒരു ചതുഷ്‌കോണ മത്സരത്തിനുള്ള കളമൊരുക്കിയിരിക്കുകയാണ്. ഉയര്‍ന്ന പന്തയങ്ങള്‍ വെച്ചുള്ള തന്റെ രാഷ്‌ട്രീയ അരങ്ങേറ്റത്തിന് മുന്നോടിയായി രാഷ്‌ട്രീയ മൂലധനം ചോര്‍ന്നുപോകാതിരിക്കാന്‍ വിജയ് ബോധപൂര്‍വം സ്വീകരിച്ച തന്ത്രമാണോ ഇതെന്നും സംശയിക്കപ്പെടുന്നുണ്ട്.
വിജയ് തന്റെ നീക്കങ്ങള്‍ കൃത്യമായി അറിയുന്ന വ്യക്‌തിയാണെന്നും, സിനിമയിലേതുപോലെ രാഷ്‌ട്രീയത്തിലും ഒരു കൃത്യമായ തിരക്കഥയുടെ അടിസ്‌ഥാനത്തിലാണ് അദ്ദേഹം മുന്നോട്ടുപോകുന്നതെന്നും ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ മുന്‍ സ്‌റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ പ്രഫസര്‍ ജി. പളനിത്തുറൈ അഭിപ്രായപ്പെട്ടു.
ദ്രാവിഡ രാഷ്‌ട്രീയ പ്രസംഗങ്ങള്‍ സംസ്‌ഥാനത്തെ ബൗദ്ധിക ചിന്താഗതിയെ തളര്‍ത്തിയെന്നൊരു സിദ്ധാന്തം നിലനില്‍ക്കുന്നുണ്ടെന്നും, ക്യാമ്പസുകളില്‍ രാഷ്‌ട്രീയ സംവാദങ്ങള്‍ കുറഞ്ഞത് യുവാക്കളെ വലിയ തോതില്‍ വിജയ്‌ലേക്ക് ആകര്‍ഷിക്കാന്‍ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ഭരണകക്ഷിയായ ഡി.എം.കെയും പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും പരസ്‌പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ടെങ്കിലും അധികാരത്തിലിരിക്കുമ്പോള്‍ നടപടികളൊന്നും എടുക്കാറില്ല. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് വിജയ് തന്റെ രാഷ്‌ട്രീയ പ്രചാരണത്തില്‍ അഴിമതി വിരുദ്ധ പ്രമേയത്തിന് ഊന്നല്‍ നല്‍കുന്നത്. മുമ്പ് വിജയകാന്ത് പരീക്ഷിച്ച ഇതേ തന്ത്രം തന്നെയാണ് ഇതെന്ന് പ്രഫ. പളനിത്തുറൈ പറയുന്നു. എന്നാല്‍, വിജയകാന്തിനേക്കാള്‍ വലിയ ജനപ്രീതി വിജയ്‌ക്ക് ഉണ്ട്. പണം നല്‍കാതെ തന്നെ സ്വമേധയാ എത്തുന്ന വന്‍ ജനക്കൂട്ടം ഡി.എം.കെ. റാലികളില്‍ പോലും കാണാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, സിനിമയിലെ ജനപ്രീതി എപ്പോഴും വോട്ടുകളായി മാറണമെന്നില്ലെന്ന് അക്കാദമിക് വിദഗ്‌ധനായ പി. രാമജയം ചൂണ്ടിക്കാട്ടുന്നു. വിജയിനെയും എം.ജി.ആറിനെയും ഒരേ തട്ടില്‍ താരതമ്യം ചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
എം.ജി.ആര്‍. പാര്‍ട്ടിയില്‍ വലിയ സ്വാധീനമുള്ള നേതാവായിരുന്നുവെന്നും, ഡി.എം.കെ ട്രഷറര്‍ ആയിരിക്കെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദശാബ്‌ദങ്ങളോളം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിന് പുറമെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി സിനിമകള്‍ ചെയ്‌ത വ്യക്‌തിയായിരുന്നു എം.ജി.ആര്‍. താഴെത്തട്ടിലുള്ള രാഷ്‌ട്രീയത്തിന് സാമൂഹികവും രാഷ്‌ട്രീയവുമായ വലിയൊരു മുന്നൊരുക്കം ആവശ്യമാണെന്നും അത് വിവിധ സമുദായങ്ങളെയും വിഭാഗങ്ങളെയും ഒപ്പം നിര്‍ത്തിക്കൊണ്ടുള്ളതാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ട് വിഹിതത്തില്‍ 15 ശതമാനം നേടാന്‍ കഴിഞ്ഞാല്‍ വിജയ്‌ക്ക് രാഷ്‌ട്രീയത്തില്‍ നെല്ലാരു ഭാവി ഉണ്ടാകുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വിജയ് ഒരു വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാവാണെന്നും, പണം നല്‍കാതെ ജനങ്ങള്‍ ഒഴുകിയെത്തുന്ന തമിഴ്‌നാട്ടിലെ രണ്ട് നേതാക്കളില്‍ ഒരാള്‍ വിജയ്യും മറ്റൊരാള്‍ സീമാനുമാണെന്ന് എം.ജി.ആറിന്റെ ജീവചരിത്രകാരനായ ആര്‍. കണ്ണന്‍ അഭിപ്രായപ്പെട്ടു.



