
പാരിസ്: ലിവർപൂളിനെ നിഷ്പ്രഭരാക്കി പാരിസ് സെന്റ് ജെർമെയ്ൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കരുത്തുകാട്ടി. ഹോം ഗ്രൗണ്ടായ പാർക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ചാമ്പ്യന്മാർ വിജയിച്ചത്. ഡിസൈർ ഡൂയി, ക്വിച്ച ക്വാറത്സെലിയ എന്നിവരാണ് പിഎസ്ജിയുടെ വിജയശില്പികൾ.
കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച പിഎസ്ജി 11-ാം മിനിറ്റിൽ തന്നെ മുന്നിലെത്തി. 20-കാരനായ ഡിസൈർ ഡൂയി തൊടുത്ത ഷോട്ട് ലിവർപൂൾ ക്യാപ്റ്റൻ വാൻ ഡൈക്കിന്റെ ദേഹത്ത് തട്ടി ദിശമാറി ഗോൾകീപ്പർ മാമർദാഷ്വിലിക്ക് മുകളിലൂടെ വലയിൽ കയറുകയായിരുന്നു. രണ്ടാം പകുതിയിൽ ജോവാവോ നെവെസിന്റെ മാന്ത്രിക പാസ് സ്വീകരിച്ച ക്വാറത്സെലിയ ഗോൾകീപ്പറെ വെട്ടിച്ച് പന്ത് വലയിലെത്തിച്ചതോടെ പിഎസ്ജി വിജയം ഉറപ്പിച്ചു.
പരിക്കേറ്റ അലിസണിന് പകരം ഇറങ്ങിയ ജോർജി മാമർദാഷ്വിലിയുടെ ഉജ്ജ്വലമായ സേവുകളാണ് ലിവർപൂളിനെ വലിയൊരു തോൽവിയിൽ നിന്ന് രക്ഷിച്ചത്. മത്സരത്തിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ ലിവർപൂൾ മുന്നേറ്റ നിരയ്ക്ക് സാധിച്ചില്ല എന്നത് പരിശീലകൻ ആർനെ സ്ലോട്ടിനെ ആശങ്കയിലാക്കുന്നുണ്ട്. പരിക്കു മാറി അലക്സാണ്ടർ ഇസാക്ക് മൈതാനത്ത് തിരിച്ചെത്തിയത് മാത്രമാണ് റെഡ്സിന് ആശ്വസിക്കാനുള്ള ഏക വക. ഏപ്രിൽ 14-ന് ആൻഫീൽഡിൽ നടക്കുന്ന രണ്ടാം പാദത്തിൽ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ലിവർപൂളിന് സെമിയിലെത്താൻ കഴിയൂ.





