ന്യൂഡല്‍ഹി: യു.എസ്.-ഇറാന്‍ വെടിനിര്‍ത്തലിലേക്ക് നയിച്ച പാകിസ്‌താന്റെ മധ്യസ്‌ഥത ഇന്ത്യ ആഘോഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇന്ത്യയുടെ പ്രതികരണത്തെ പക്വതയുള്ളതും വിവേകപൂര്‍ണവുമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
യുദ്ധവിരാമത്തിന് മധ്യസ്‌ഥത വഹിക്കുന്നതില്‍ ഇസ്ലാമാബാദിന്റെ പങ്ക് ന്യൂഡല്‍ഹിയെ ആശങ്കപ്പെടുത്തേണ്ടതുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരികരിക്കുകയായിരുന്നു തരൂര്‍. ഇന്ത്യയിലേക്ക് തീവ്രവാദികളെ അയച്ചതിന് പാകിസ്‌താനെ പ്രശംസിക്കുകയാണെങ്കില്‍, അത് മോശമാകും. എന്നാല്‍ പാകിസ്‌താനികള്‍ ചെയ്യുന്നത് നമ്മളും ആഗ്രഹിക്കുന്ന ഒരു സമാധാനത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍, നമ്മള്‍ യഥാര്‍ഥത്തില്‍ ആഘോഷിക്കണം. വാസ്‌തവത്തില്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെ സമാധാനത്തെ സ്വാഗതം ചെയ്‌ത പ്രസ്‌താവന ശരിയും പക്വവും വിവേകപൂര്‍ണവുമാണ്.
യു.എസ്. പാകിസ്‌താനെ ഉപയോഗിച്ച് വെടിനിര്‍ത്തലിന് ഒരു നിഷ്‌പക്ഷ മൂന്നാം കക്ഷി മുഖം നല്‍കുകയായിരുന്നു. ഇത് യു.എസിനും ഇറാനും പരസ്‌പരം നേരിട്ട് പിന്മാറുന്നതായി തോന്നാതെ സംഘര്‍ഷം കുറയ്‌ക്കാന്‍ സഹായിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സമാധാനത്തിന്റെ യഥാര്‍ഥ തുടക്കക്കാര്‍ അവരല്ല, മറിച്ച് പാകിസ്‌താന്‍ അമേരിക്കക്കാര്‍ക്ക് ഒരു നയതന്ത്ര ഒളിത്താവളമായിരിക്കാം. അതിനാല്‍ പാകിസ്‌താന്‍ ഒരുതരം മാസ്‌റ്റര്‍ സ്‌ട്രോക്ക് നേടിയെന്നു കരുതി നമ്മള്‍ ഉടന്‍ തന്നെ പിന്നോട്ട് പോകേണ്ടതില്ല. എന്നാല്‍ പാകിസ്‌താന്‍ ചെയ്യുന്ന വസ്‌തുതയെ ബഹുമാനിക്കേണ്ടതുണ്ട്. പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും തമ്മിലുള്ള പ്രത്യേക ബന്ധം എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.



