ലണ്ടന്‍: വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ കടന്നുപോകുന്ന കേബിളുകള്‍ക്കും പൈപ്പ് ലൈനുകള്‍ക്കും സമീപം റഷ്യന്‍ അന്തര്‍വാഹിനികള്‍ നടത്തിയ ദുരൂഹ നീക്കങ്ങളെ പ്രതിരോധിക്കാന്‍ സൈനികനീക്കവുമായി ബ്രിട്ടനും നോര്‍വേയും.
യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും നൂറുകണക്കിനു സൈനികരും പങ്കെടുത്ത ഒരു മാസം നീണ്ട നിരീക്ഷണത്തിനൊടുവില്‍ റഷ്യന്‍ അന്തര്‍വാഹിനികള്‍ പിന്‍വാങ്ങിയതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.ബ്രിട്ടന്റെ വടക്കന്‍ തീരത്തെ കടലിനടിയിലുള്ള തന്ത്രപ്രധാന കേബിളുകള്‍ക്കും പൈപ്പ്‌ലൈനുകള്‍ക്കും സമീപം റഷ്യയുടെ ഒരു ആക്രമണ അന്തര്‍വാഹിനിയും രണ്ടു ചാര അന്തര്‍വാഹിനികളും സംശയാസ്‌പദമായ രീതിയില്‍ എത്തിയതാണ് സംയുക്‌ത സൈനികനീക്കത്തിനു കാരണമായത്. റഷ്യന്‍ നീക്കങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി മുന്നറിയിപ്പ് നല്‍കി.യു.കെയ്‌ക്കും സഖ്യകക്ഷികള്‍ക്കും റഷ്യയാണു പ്രധാനഭീഷണയെന്നു വ്യക്‌തമാക്കിയ ജോണ്‍ ഹീലി, പശ്‌ചിമേഷ്യയില്‍നിന്നു തങ്ങള്‍ ശ്രദ്ധതിരിക്കണമെന്ന് വ്ലാഡിമിര്‍ പുടിന്‍ ആഗ്രഹിക്കുമെന്നും പറഞ്ഞു. എന്നാല്‍, പുടിനില്‍നിന്നു തങ്ങള്‍ കണ്ണെടുക്കില്ലെന്നും റഷ്യയുടെ ഓരോ നീക്കങ്ങളും തങ്ങള്‍ സസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. 'ഞങ്ങളുടെ കേബിളുകള്‍ക്കും പൈപ്പ് ലൈനുകള്‍ക്കും സമീപമുള്ള നിങ്ങളുടെ ഓരോ ചലനവും ഞങ്ങള്‍ കാണുന്നുണ്ട്. അവ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. പുടിന്റെ രഹസ്യ നീക്കം വെളിപ്പെട്ടുവെന്നും അവ കൃത്യമായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും റഷ്യന്‍ സൈന്യത്തിന് ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്- ജോണ്‍ ഹീലി പറഞ്ഞു. പശ്‌ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ ബ്രിട്ടന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പുടിന്‍ കരുതിയെങ്കില്‍ തെറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.റഷ്യയുടെ അത്യാധുനിക 'അകുല'ക്ല ാസ് അന്തര്‍വാഹിനിയും റഷ്യന്‍ ഡീപ് സീ റിസര്‍ച്ച് ഡയറക്‌ടറേറ്റിലെ രണ്ട് പ്രത്യേക അന്തര്‍വാഹിനികളുമാണ് ഈ മേഖലയില്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്. പശ്‌ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ റഷ്യ ഇറാനെ സഹായിക്കുന്നതായും ബ്രിട്ടന്‍ ആരോപിച്ചു.

