ടെഹ്‌റാന്‍: യു.എസും ഇറാനുമായി വെടിനിര്‍ത്തലുണ്ടായെങ്കിലും ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം. ഹോര്‍മുസ് പൂര്‍ണമായി തുറന്നുകൊടുക്കുമെന്ന ധാരണയാണു യു.എസിനുണ്ടായിരുന്നത്. ലെബനനെതിരായ ഇസ്രയേല്‍ ആക്രമണമാണു സ്‌ഥിതി മാറ്റിമറിച്ചത്. ബെയ്‌റൂട്ടില്‍ കുറഞ്ഞത് 250 പേരെങ്കിലും കൊല്ലപ്പെട്ടു.
ബെയ്‌റൂട്ട്, ബേകയിലെ താഴ്‌വര, തെക്കന്‍ ലെബനന്‍ എന്നിവിടങ്ങളിലെ 100ല്‍ അധികം ഹിസ്‌ബുള്ള കമാന്‍ഡ് സെന്ററുകളേയും സൈനിക കേന്ദ്രങ്ങളേയും പത്ത് മിനിറ്റിനുള്ളില്‍ ലക്ഷ്യമിട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ വ്യവസ്‌ഥകള്‍ ലംഘിച്ചതായും, അത് ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെ ബാധിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.ഇപ്പോള്‍, വ്യാപാരപാതയുടെ കാര്യത്തില്‍ അനിശ്‌ചിതത്വമുണ്ട്. ഹോര്‍മുസ് കടലിടുക്ക് നിലവില്‍ പൂര്‍ണമായും 'തുറന്നിരിക്കുകയുമല്ല', തീര്‍ത്തും 'അടച്ചിരിക്കുകയുമല്ല' എന്നാണു കപ്പല്‍ ഗാതാഗത വിദഗ്‌ധര്‍ പറയുന്നത്.
അവിടെ യാത്ര ഭാഗികമായി തടസപ്പെട്ടിരിക്കുന്നു. ചെറിയ പ്രകോപനം മതി വീണ്ടും ഹോര്‍മുസ് അടച്ചിടാന്‍. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരത്തെ ഇപ്പോഴും ഐ.ആര്‍.ജി.സി. നിയന്ത്രിക്കുന്നുണ്ട്.
ഹോര്‍മുസ് തുറന്നുകൊടുക്കാനുള്ള നീക്കത്തിലായിരുന്നു ഇറാനെന്നാണു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലെബനനിലെ ഇസ്രയേല്‍ ആക്രമണങ്ങളോടെ എല്ലാം മാറി. മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാന്‍ രംഗത്തെത്തി. ടാങ്കര്‍ നീക്കങ്ങളെ അവര്‍ പരിമിതപ്പെടുത്തി. അതോടെ ഷിപ്പിങ് ട്രാഫിക്ക് കുറഞ്ഞു. എണ്ണ ടാങ്കറുകള്‍ നിര്‍ത്തിവയ്‌ക്കുകയോ വഴിതിരിച്ചുവിടുകയോ അല്ലെങ്കില്‍ നിയന്ത്രിതമായ സാഹചര്യങ്ങളില്‍ മാത്രം കടന്നുപോകാന്‍ അനുവദിക്കുകയോ ചെയ്‌തു. സാങ്കേതികമായി ഹോര്‍മുസിലൂടെയുള്ള യാത്ര സാധ്യമാണ്. പക്ഷേ, പ്രായോഗികമായി അതിനു ശ്രമിക്കാത്തതാണു നല്ലതെന്നാണു വിദഗ്‌ധരുടെ അഭിപ്രായം.
ഹോര്‍മുസിലൂടെ ഇപ്പോഴും ചില കപ്പലുകള്‍ ഇപ്പോഴും നീങ്ങുന്നുണ്ട്. പക്ഷേ, നയതന്ത്ര സമ്മര്‍ദങ്ങള്‍ക്ക് ശേഷമാണ് അവയ്‌ക്ക് യാത്രാനുമതി ലഭിച്ചത്. ഇന്‍ഷുറന്‍സ് ലഭിക്കുന്നതിലെ തടസം. സൈനിക പിരിമുറുക്കങ്ങള്‍, രാഷ്‌ട്രീയ അനിശ്‌ചിതത്വം എന്നിവ പല കപ്പലുകളെയും അകറ്റി നിര്‍ത്തുന്നു.

