മെക്‌സിക്കോസിറ്റി: മെക്‌സിക്കോയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളിയെ 14 ദിവസത്തിനുശേഷം സൈന്യം രക്ഷപ്പെടുത്തി. 42 വയസ്സുള്ള ഫ്രാന്‍സിസ്‌കോ സപാറ്റ നജെറയെയാണു രക്ഷപ്പെടുത്തിയത്. മാര്‍ച്ച് 25 നാണ് വടക്കന്‍ മെക്‌സിക്കന്‍ സംസ്‌ഥാനമായ സിനാലോയയിലെ സ്വര്‍ണ ഖനിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ഖനിയിലെ മാലിന്യം ശേഖരിക്കുന്ന ടൈലിങ്‌സ് ഡാം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 25 തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങുകയായിരുന്നു. ആദ്യഘട്ടത്തില്‍ 21 പേരെ രക്ഷപ്പെടുത്തി. നാല് പേര്‍ അകത്ത് കുടുങ്ങി. ജോസ് അലെജാണ്ട്രോ കാസ്‌റ്റുലോയെ അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി, മറ്റൊരാള്‍ മരിച്ചു. എന്നാല്‍ ഫ്രാന്‍സിസ്‌കോ സപാറ്റയെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് 13 ദിവസമെടുത്തു. 300 മണിക്കൂറിലധികം തിരച്ചിലിന് ശേഷം, തുരങ്കത്തിനകത്തുനിന്ന് നജെറയുടെ ടോര്‍ച്ചിന്റെ വെളിച്ചം രക്ഷാപ്രവര്‍ത്തകര്‍ കാണുകയായിരുന്നു. പക്ഷേ, തുരങ്കത്തിലെ വെള്ളം കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തെ ഉടന്‍ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല.
വെള്ളം, ടിന്നിലടച്ച ട്യൂണ, എനര്‍ജി ബാറുകള്‍ എന്നിവ നല്‍കിയശേഷം സംഘം മടങ്ങി. 20 മണിക്കൂറിനുശേഷം, പമ്പുകള്‍ ഉപയോഗിച്ച് ജലനിരപ്പ് കുറച്ചതിനുശേഷമാണ് അദ്ദേഹത്തെ പുറത്തെത്തിക്കാനായത്.
ഉടന്‍ തന്നെ ഹെലികോപ്‌റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി.
