ദുബായ്/ബെയ്‌റൂട്ട്: യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിനുശേഷവും ലെബനനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രയേല്‍ ലെബനനില്‍ നടത്തിയ ആക്രമണത്തില്‍ 250-ല്‍ ഏറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലെബനനു ബാധകമല്ലെന്നാണ് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്.
അതേസമയം, പാകിസ്‌താന്റെ മധ്യസ്‌ഥതയില്‍ നടക്കുന്ന സമാധാനചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇറാന്‍ പ്രതിനിധിസംഘം ഇസ്ലാമാബാദിലേക്കു തിരിച്ചു. യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നയിക്കുന്ന സംഘവുമായി ഇറാന്‍ സംഘം നാളെ ചര്‍ച്ച നടത്തിയേക്കും. എന്നാല്‍, നിലവിലെ സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവായ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തില്‍ ഇറാന്റെ ഭാഗത്തുനിന്ന് അനുകൂലനീക്കങ്ങളില്ലാത്തത് ചര്‍ച്ചയെ ബാധിക്കാനും സാധ്യതയുണ്ട്. ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നിടത്തോളം കാലം ഹോര്‍മുസ് തുറക്കുന്ന പ്രശ്‌നമില്ലെന്നാണ് ഇറാന്റെ നിലപാട്.
ഹോര്‍മുസിലൂടെയുള്ള ചരക്കുനീക്കം പുനഃസ്‌ഥാപിക്കപ്പെടാത്ത സാഹചര്യത്തില്‍ ആഗോളവിപണിയില്‍ എണ്ണവില ഉയര്‍ന്നനിലയില്‍ തുടരുകയാണ്. യൂറോപ്യന്‍, ഏഷ്യന്‍ റിഫൈനറികള്‍ ബാരലിന് 150% ഡോളര്‍ നിരക്കിലാണ് ക്രൂഡ് ഓയില്‍ വാങ്ങൂന്നത്. വിമാന ഇന്ധനവിലയും ഉയര്‍ന്നുനില്‍ക്കുകയാണ്.പശ്‌ചിമേഷ്യന്‍ യുദ്ധത്തില്‍ ഇറാനെ അനുകൂലിച്ച് ഹിസ്‌ബുള്ള ഗ്രൂപ്പും പങ്കുചേര്‍ന്നതോടെയാണ് അവരുടെ ആസ്‌ഥാനമായ ലെബനനുനേരേ ഇസ്രയേല്‍ ആക്രമണമാരംഭിച്ചത്. അതുകൊണ്ടുതന്നെ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ലെബനനു ബാധകമാകില്ലെന്ന് ട്രംപ് വ്യക്‌തമാക്കി. എന്നാല്‍, ലെബനനും വെടിനിര്‍ത്തല്‍ ബാധകമാണെന്ന് ഇറാനും മധ്യസ്‌ഥരായ പാകിസ്‌താനും വാദിക്കുന്നു. വെടിനിര്‍ത്തല്‍ ലെബനനു ബാധകമാക്കണമെന്ന് ബ്രിട്ടനും ഫ്രാന്‍സും ആവശ്യപ്പെട്ടു. ലെബനനും യെമനും വെടിനിര്‍ത്തല്‍ ബാധകമാക്കണമെന്നു പാകിസ്‌താന്‍ നാളത്തെ ചര്‍ച്ചയില്‍ ആവശ്യപ്പെടും.
ഹിസ്‌ബുള്ള മേധാവിയുടെ അനന്തരവനെ വധിച്ചു
ലെബനനില്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്‌ബുള്ള സെക്രട്ടറി ജനറല്‍ നയിം ഖാസെമിന്റെ അനന്തരവനെ വധിച്ചതായി ഇസ്രയേല്‍ സൈന്യം വ്യക്‌തമാക്കി. ബെയ്‌റൂട്ടിലും ലെബനന്റെ തെക്കന്‍ മേഖലയിലും ഇന്നലെ രാവിലെ ഇസ്രയേല്‍ വ്യാപക ആക്രമണം നടത്തി. യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിന്റെ ഭാഗമായി ഇസ്രയേലിനെതിരായ ആക്രമണം നിര്‍ത്തിവച്ചതായി ഹിസ്‌ബുള്ള കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്‌ചാത്തലത്തില്‍ പ്രത്യാക്രമണം പുരനരാരംഭിക്കുമെന്ന് അവര്‍ വ്യക്‌തമാക്കി. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്‌ജലിയര്‍പ്പിച്ച് ലെബനന്‍ ഒരുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നടത്തി. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ഇറാന്‍ വിദേശകാര്യസഹമന്ത്രി സയിദ് ഖത്തിബ്‌സാദെ ആരോപിച്ചു.
ഇറാനില്‍ ആഹ്ലാദപ്രകടനം
ആറാഴ്‌ച നീണ്ട യുദ്ധത്തിനു താത്‌കാലികവിരാമമിട്ട് വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ ഇറാനില്‍ ജനക്കൂട്ടം തെരുവുകളില്‍ വിജയാഹ്‌ളാദപ്രകടനം നടത്തി. യുദ്ധത്തിന്റെ ആദ്യദിനം കൊല്ലപ്പെട്ട പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെയും പിന്‍ഗാമി മൊജ്‌തബ ഖമനേയിയുടെയും ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രകടനം.

