
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം വിധിയെഴുതിയതിന് പിന്നാലെ വോട്ടിംഗ് ശതമാനം കൂടിയതും കുറഞ്ഞതും ചര്‍ച്ച ചെയ്ത് മുന്നണികള്‍. ഫലമറിയാന്‍ ഇനി 25 നാള്‍ കാത്തിരിക്കണമെന്നിരിക്കെ ഉയര്‍ന്ന പോളിങ് ശതമാനം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. പാലക്കാട്ടെ ചിറ്റൂരിലാണ് ഉയര്‍ന്ന പോളിങ്. കുറവ് പത്തനംതിട്ടയിലെ റാന്നിയിലാണ്.
78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെുപ്പ് കഴിഞ്ഞതോടെ കണക്കെടുപ്പിലാണ് മുന്നണികള്‍. പ്രാദേശികഘടകങ്ങളും മണ്ഡലം കമ്മറ്റികളും വോട്ടുകളുടെ കണക്കുകള്‍ ശേഖരിക്കുന്ന തിരക്കിലാണ്. ഇടതുപക്ഷത്തിന്റെയും യുഡിഎഫിന്റെയും എന്‍ഡിഎയുടേയും പ്രാദേശിക പ്രവര്‍ത്തകരും കമ്മറ്റികളും വോട്ടുകള്‍ കണക്കുകൂട്ടുന്ന തിരക്കിലാണ്. പോളിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ വിജയ സാധ്യത പരിശോധിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നല്‍കുന്ന കണക്ക് പരിശോധിച്ച് നിഗമനങ്ങളില്‍ എത്തിച്ചേരും. 80 സീറ്റിനു മുകളില്‍ നേടി ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന പ്രാഥമിക വിലയിരുത്തലിലാണ് സിപിഐഎം സംസ്ഥാന നേതൃത്വം. ഉയര്‍ന്ന പോളിംഗ് ശതമാനം തിരിച്ചടി ഉണ്ടാക്കില്ലെന്നാണ് നേതാക്കള്‍ പങ്കുവെക്കുന്ന പ്രതീക്ഷ.
മികച്ച മുന്നേക്കം ഉണ്ടാക്കാനാകുമെന്നാണ് എന്‍ഡിഎ ക്യാമ്പിന്റെയും പ്രതീക്ഷ. രണ്ടു മുതല്‍ അഞ്ചു സീറ്റുകള്‍ വരെ ബിജെപിയ്ക്ക് കിട്ടിയേക്കാമെന്നാണ് കരുതുന്നത്. ശക്തികേന്ദ്രങ്ങളില്‍ മികച്ച മുന്‍തൂക്കം നേടാനായിട്ടുണ്ടെന്നും സര്‍ക്കാരിനെതിരേ ഉണ്ടായിരിക്കുന്ന ഭരണവിരുദ്ധവികാരം തങ്ങള്‍ക്ക് കൂടി കിട്ടിയെന്നുമാണ് ബിജെപി ക്യാമ്പ് കരുതുന്നത്. ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം യുഡിഎഫിന് പോയിട്ടില്ലെന്നും പ്രതീക്ഷിക്കുന്നു. തൃശൂര്‍, നേമം, പാലക്കാട്, മഞ്ചേശ്വരം, കഴക്കൂട്ടം, തിരുവല്ല സീറ്റുകളില്‍ വലിയ പ്രതീക്ഷയാണ് വെച്ചു പുലര്‍ത്തുന്നത്.
32 എ ക്ലാസ് മണ്ഡലങ്ങളിലും ബി ക്ലാസ് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനവും പ്രതീക്ഷിക്കുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചെന്ന പ്രചരണവും ഗുണകരമാകുക ബിജെപിയ്ക്ക് ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം തന്നെ ഡീല്‍ ആരോപണങ്ങളും ഘടകകക്ഷികള്‍ക്ക് കൊടുത്ത സീറ്റുകളും അവസാന നിമിഷം ഉണ്ടായ വോട്ടുകോഴ ആരോപണവും നേരിയ തിരിച്ചടിയുണ്ടാക്കുമോ എന്ന ആശങ്കയും ബിജെപിയ്ക്കുണ്ട്. എസ്ഐആറിന് ശേഷം നടന്ന തെരഞ്ഞെടുപ്പായതിനാല്‍ പോളിങ് ശതമാനത്തില്‍ വര്‍ധനവുണ്ടാകാം. മെയ് നാലിനാണ് വോട്ടെണ്ണല്‍.






