
റോം: ഇറ്റലിയില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ബോലോഗ്നയെ പരാജയപ്പെടുത്തിയതോടെ, യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തിലേക്ക് ആസ്റ്റണ്‍ വില്ല 3-1 എന്ന സ്കോറിന്റെ ആധിപത്യം നേടി. ഇരു ടീമുകളും തമ്മിലുള്ള ആദ്യപാദ മത്സരത്തിലെ ജയം ആസ്റ്റണ്‍വില്ലയ്ക്ക് സ്വന്തം മൈതാനമായ വില്ലാപാര്‍ക്കിലെ രണ്ടാം പാദത്തിലേക്ക് വലിയ മുന്‍തൂക്കമായി മാറി. 1982-ലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ ആസ്റ്റണ്‍ വില്ല, ഈ വിജയത്തോടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ്.
മത്സരത്തിന്റെ തുടക്കത്തില്‍ ബോലോഗ്നയുടെ ശക്തമായ ആക്രമണങ്ങളെ പ്രതിരോധിച്ച വില്ലയ്ക്ക്, ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഇസ്രി കോണ്‍സ നേടിയ ഹെഡര്‍ ഗോളിലൂടെയാണ് ലീഡ് ലഭിച്ചത്. കളിഗതിക്ക് വിപരീതമായിരുന്നു ഈ ഗോള്‍. രണ്ടാം പകുതി ആരംഭിച്ച് ആറ് മിനിറ്റിനുള്ളില്‍ ഒല്ലി വാട്ട്കിന്‍സ് വില്ലയുടെ രണ്ടാം ഗോള്‍ നേടി. മത്സരത്തിന്റെ 90-ാം മിനിറ്റില്‍ ബോലോഗ്നയുടെ ഇംഗ്ലീഷ് താരം ജോനാഥന് റോ ഒരു മനോഹരമായ കേളിംഗ് ഷോട്ടിലൂടെ എമിലിയാനോ മാര്‍ട്ടിനസിനെ കീഴടക്കി ഗോള്‍ മടക്കി.
എന്നാല്‍ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ (95') ഒരു കോര്‍ണറില്‍ നിന്ന് വാട്ട്കിന്‍സ് തന്റെ രണ്ടാം ഗോള്‍ നേടിയതോടെ വില്ല തങ്ങളുടെ രണ്ട് ഗോള്‍ ലീഡ് തിരിച്ചുപിടിച്ചു. കളിയുടെ 28-ാം മിനിറ്റില്‍ സാന്റിയാഗോ കാസ്ട്രോ നേടിയ ഗോള്‍ ഓഫ്സൈഡ് ആണെന്ന് വാര് പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് റദ്ദാക്കി. ഗോള്‍ നിഷേധിക്കപ്പെട്ട് രണ്ട് മിനിറ്റിനുള്ളില്‍ സ്കോട്ട്ലന്‍ഡ് താരം ലൂയിസ് ഫെര്‍ഗൂസന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങി. 44-ാം മിനിറ്റില്‍ യൂറി ടൈലമാന്സിന്റെ കോര്‍ണറില്‍ നിന്ന് കോണ്‍സ ഗോള്‍ നേടി. 51-ാം മിനിറ്റില്‍ ബോലോഗ്ന പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് വാട്ട്കിന്‍സ് രണ്ടാം ഗോള്‍ കണ്ടെത്തി.



