
സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ' ഭരതനാട്യം 2: മോഹിനിയാട്ടം ' ഏപ്രില്‍ 10 ന് തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഭാരതനാട്യം എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
'ആദ്യമായിട്ടാണ് ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് അഭിപ്രായം പറയുന്നത്. എനിക്ക് ഈ സിനിമ വളരെ ഇഷ്‌ടമായതിനാൽ ആണ് ഇത് പോസ്റ്റ് ചെയ്യുന്നത്. മോഹിനിയാട്ടത്തിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ എനിക്ക് ഒരു സ്പാർക്ക് തോന്നിയിരുന്നു. കഴിഞ്ഞ ദിവസം പ്രിവ്യൂവിൽ ചിത്രം കണ്ടപ്പോൾ തന്നെ ഇത് എല്ലാവരെയും ചിരിപ്പിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. വളരെ യോഗ്യമായ ഒരു രണ്ടാം ഭാഗം, കിടിലൻ ഡാർക്ക് ഹ്യൂമർ, കിടിലൻ പ്രകടനങ്ങൾ, അടിപൊളി മേക്കിങ്. ഹാറ്റ്സ് ഓഫ് യു ടീം.. ഭാഗ്യം എപ്പോഴും ധൈര്യശാലികൾക്ക് അനുകൂലമാണ്. നാളെ പ്രേക്ഷകർ ഒന്നടങ്കം ചിരിച്ചുകൊണ്ട് നല്ലത് പറയാൻ പോകുന്ന സിനിമയ്ക്ക് ഇന്നേ നല്ലത് പറയുന്നു', മിഥുന്റെ വാക്കുകൾ.
കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട്, ബേബി ജീന്‍, കലാരഞ്ജിനി, ശ്രീജ രവി, അഭിരാം, നന്ദു പൊതുവാള്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.






