കാക്കനാട്; ഇന്നു നടക്കുന്ന വോട്ടെടുപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക അറിയിച്ചു.
വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂര്‍ത്തിയാക്കി. വോട്ടിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും വിന്യാസവും ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു.
വോട്ടര്‍മാര്‍ക്കായി പോളിങ് ബൂത്തുകളില്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.കഴിഞ്ഞ നവംബര്‍ നാല് മുതല്‍ ബി.എല്‍.ഒമാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും നേതൃത്വത്തില്‍ വീടുകള്‍തോറും കയറിയിറങ്ങി പരിശോധിച്ചാണ് വോട്ടര്‍ പട്ടിക പുതുക്കിയത്.
വോട്ടെടുപ്പ് ദിവസം വോട്ടര്‍മാര്‍ക്ക് തടസ്സമില്ലാത്ത സൗകര്യം ഉറപ്പാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും പ്രത്യേക പരിഗണന നല്കുന്ന ആക്സസിബിള്‍ ഇലക്ഷന് പദ്ധതിയും പരിസ്ഥിതി സൗഹൃദമായ ഗ്രീന്‍ ഇലക്ഷന് രീതിയും ഇത്തവണത്തെ പ്രത്യേകതയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കരുതണം. വോട്ടര്‍ ഐഡി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട് തുടങ്ങി ഇലക്ഷന് കമ്മീഷന് അംഗീകരിച്ചിട്ടുള്ള മറ്റ് രേഖകള്‍ ഹാജരാക്കി വോട്ട് രേഖപ്പെടുത്താവുന്നതാണ്.
എന്റെ വോട്ട് എന്റെ അഭിമാനം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യത്തിന്റെ ഈ വലിയ ഉത്സവത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.




