
പെരുമ്പാവൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം ഇന്നലെ വിധിയെഴുതി. ജനാധിപത്യ സംരക്ഷണത്തിനായി കൊടുംചൂടിലും മണിക്കൂറുകളോളം കാത്ത് നിന്ന് ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തി.
മുടക്കുഴ പഞ്ചായത്ത് 81ആം നമ്പര്‍ ബൂത്തില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാനായത്. 1200ഓളം പേരാണ് ഈ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. തിരക്കേറിയ വോട്ടിംഗ് പുരോഗമിക്കുമ്പോഴും ചിലയിടങ്ങളില്‍ യന്ത്ര തകരാറും മറ്റും റിപ്പോര്‍ട്ട് ചെയ്തു. പുല്ലുവഴി വായനശാലയില്‍ ബൂത്ത് നമ്പര്‍ 172ല്‍ യന്ത്രം പണിമുടക്കി. ചേരാനല്ലൂര്‍ പള്ളി സ്കൂള്‍ 47-ാംബുത്തില്‍ തകരാറിലായ യന്ത്രം പുനസ്ഥാപിച്ച ശേഷമാണ് വോട്ടിംഗ് തുടങ്ങിയത്. വെങ്ങോല ശാലേം എംടി എല്‍പി സ്ക്കൂള് 140 -ാം ബൂത്തില്‍ യന്ത്ര തകരാര്‍ മൂലം വോട്ടിംഗ് ഒരു മണിക്കൂറോളം വൈകി. അയ്മുറി കുന്നുമ്മേല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 25-ാം ബൂത്തിലും യന്ത്രം തകരാറിലായി. തുടര്‍ന്ന് ബാറ്ററി മാറ്റി ഇട്ട ശേഷം 8 മണിയോടെ വോട്ടിംഗ് ആരംഭിച്ചു.



