കിഴക്കമ്പലം: വോട്ടിംഗ് യന്ത്രങ്ങളിലെ സാങ്കേതിക തകരാര്‍ മൂലം കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ വോട്ടെടുപ്പ് തടസപ്പെട്ടു. യന്ത്രങ്ങള്‍ തകരാറിലായതോടെ പലയിടത്തും മണിക്കൂറുകളോളം വോട്ടര്‍മാര്‍ക്ക് കാത്തുനില്‍ക്കേണ്ടി വന്നു.
കിഴക്കമ്പലം ഞാറള്ളൂര്‍ ദയറാ സ്കൂളിലെ 84-ാം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് തുടങ്ങി അരമണിക്കൂറിനുള്ളില്‍ തന്നെ വോട്ടിംഗ് യന്ത്രം പ്രവര്‍ത്തനരഹിതമായി. രാവിലെ ഒന്‍പത് മണിയോടെയാണ് തകരാര്‍ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിക്കാനായത്. ഇതിനിടെ രാവിലെ വോട്ട് ചെയ്യാനെത്തിയ പലരും മടങ്ങിപ്പോയി.
തടസപ്പെട്ട സമയം പരിഹരിക്കാനായി വോട്ടെടുപ്പ് സമയം കഴിഞ്ഞും പോളിംഗ് തുടരേണ്ടി വന്നു. രാത്രി ഏഴുമണിയോടെയാണ് ഇവിടെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. പെരിങ്ങാല ഐ.സി.ടി ഇം?ീഷ് മീഡിയം സ്കൂളിലെ 131-ാം നമ്പര്‍ ബൂത്തില്‍ രാവിലെ 10.15-ഓടെ വോട്ടെടുപ്പ് തടസപ്പെട്ടു. പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ച ശേഷമാണ് ഇവിടെ പോളിംഗ് പുന:രാരംഭിച്ചത്. വിട്ടൂര് ഗവ. എല്‍.പി സ്കൂളിലെ 59-ാം നമ്പര്‍ ബൂത്തിലും അരമണിക്കൂറോളം വോട്ടെടുപ്പ് തടസപ്പെട്ടു. പള്ളിക്കവല ചിറമുകള് അംഗന്‍വാടിയിലെ 8-ാം നമ്പര്‍ ബൂത്തിലും വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടര്‍മാരെ വലച്ചു. തകരാര്‍ സംഭവിച്ചയിടങ്ങളിലെല്ലാം ഉടന്‍ തന്നെ പുതിയ യന്ത്രങ്ങള്‍ എത്തിച്ചും സാങ്കേതിക വിദഗ്ധര്‍ എത്തിയും പ്രശ്നം പരിഹരിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എങ്കിലും വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ ഉണ്ടായ ഈ തടസം വോട്ടര്‍മാരുടെ നീണ്ട നിരയ്ക്ക് കാരണമായി.




