ജറുസലേം/ന്യൂഡല്‍ഹി: പാകിസ്‌താന്‍ ഭരണനേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗിഡിയോന്‍ സാര്‍. പാകിസ്‌താന്റെ മധ്യസ്‌ഥതയില്‍ യു.എസ്-ഇറാന്‍ സമാധാനചര്‍ച്ച ഇസ്ലാമാബാദില്‍ നടക്കാനിരിക്കേ, മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു സാമൂഹികമാധ്യമത്തില്‍ ഇസ്രയേല്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ ചില പരാമര്‍ശങ്ങളാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്.
പാക് പ്രതിരോധമന്ത്രിയുടെ ജൂതവിരുദ്ധപരാമര്‍ശങ്ങളെ സാര്‍ അപലപിച്ചു. ഇസ്രയേലിനെ അര്‍ബുദമെന്നു വിശേഷിപ്പിച്ചതിലൂടെ പാകിസ്‌താന്‍ സ്വയം നാശം ക്ഷണിച്ചുവരുത്തുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിനെതിരേ പാക് പ്രതിരോധമന്ത്രി നടത്തിയ ഉന്മൂലനാഹ്വാനം തെമ്മാടിത്തരമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആരോപിച്ചു.
ഇത് ഒരു സര്‍ക്കാരും ക്ഷമിക്കുന്ന പ്രസ്‌താവനയല്ല. പ്രത്യേകിച്ച്, നിഷ്‌പക്ഷ മധ്യസ്‌ഥനെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തില്‍നിന്ന്- നെതന്യാഹു പറഞ്ഞു.
ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് പാക് വിദേശകാര്യമന്ത്രാലയം രംഗത്തുവന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. ഇസ്രയേലിനെതിരേ രൂക്ഷമായ ഭാഷയിലാണ് പാക് പ്രതിരോധമന്ത്രി ആസിഫ് ഖ്വാജ സാമൂഹികമാധ്യമത്തില്‍ പ്രതികരിച്ചത്. ഇതോടെ, പതിവിനു വിരുദ്ധമായി പാകിസ്‌താനെതിരേ പരസ്യമായി പ്രതികരിക്കാന്‍ ഇസ്രയേല്‍ തീരുമാനിക്കുകയായിരുന്നു. പാകിസ്‌താനുമായി നയതന്ത്രബന്ധങ്ങളില്ലാത്തതിനാല്‍ അവരോട് നേരിട്ട് ഒരു ആശയവിനിമയത്തിനും ഇസ്രയേല്‍ തയാറായിരുന്നില്ല.അതേസമയം, സമാധാനചര്‍ച്ചകളില്‍ പാകിസ്‌താന്‍ വിശ്വാസ്യതയുള്ള മധ്യസ്‌ഥനാണെന്ന് കരുതുന്നില്ലെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ നയതന്ത്രപ്രതിനിധി റ്യൂവെന്‍ അസര്‍ നേരത്തേ വ്യക്‌തമാക്കിയിരുന്നു. അത് ശരിവയ്‌ക്കുന്നതാണ് ഇസ്രേലി വിദേശകാര്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണം.




