
ബെയ്റൂട്ട്: യു.എസുമായുള്ള സമാധാനചര്ച്ചയില്നിന്ന് ഇറാന് പിന്മാറ്റഭീഷണി മുഴക്കിയതോടെ, ലെബനനില്‍ നടത്തിവന്ന വ്യോമാക്രമണത്തിന്റെ തീവ്രത കുറച്ച് ഇസ്രയേല്‍.
പാകിസ്താന്റെ മധ്യസ്ഥതയില്‍ യു.എസ്-ഇറാന് വെടിനിര്‍ത്തല്‍ നിലവില്‍വന്നെങ്കിലും ഹിസ്ബുള്ള ആസ്ഥാനമായ ലെബനനുനേരേയുള്ള ആക്രമണം ഇസ്രയേല്‍ അവസാനിപ്പിച്ചിരുന്നില്ല. ലെബനന് വെടിനിര്‍ത്തല്‍ കരാറിന്റെ പരിധിയിലില്ലെന്നായിരുന്നു യു.എസിന്റെയും ഇസ്രയേലിന്റെയും നിലപാട്. ഇതോടെയാണ് ലെബനനിലെ ആക്രമണം ഇസ്രയേല്‍ നിര്‍ത്തിയില്ലെങ്കില്‍ ഇസ്ലാമാബാദില് യു.എസുമായുള്ള ചര്‍ച്ചയില്‍നിന്നു പിന്മാറുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കിയത്.
ലെബനനു നേരേയുള്ള ആക്രമണം തത്കാലം കുറയ്ക്കാന്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രേലി പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ട്രംപ് പിന്നീട് ഒരു അഭിമുഖത്തില്‍ സ്ഥിരീകരിച്ചു.
ലെബനനുമായി ചര്‍ച്ചയ്ക്കുള്ള സന്നദ്ധത നെതന്യാഹുവും അറിയിച്ചു. ഹിസ്ബുള്ളയെ നിരായുധീകരിക്കണമെന്ന നിലപാടില്‍ ഊന്നി ലെബനനുമായുള്ള ചര്‍ച്ചയ്ക്കു സാധ്യത തേടാന്‍ അദ്ദേഹം മന്ത്രിമാരെ ചുമതലപ്പെടുത്തി. എന്നാല്‍, വെടിനിര്ത്തലിനുശേഷമേ ഇസ്രയേലുമായി ചര്‍ച്ചയ്ക്കുള്ളൂവെന്ന നിലപാടിലാണ് ലെബനന്.
തെക്കന്‍ ലെബനനില്‍ കഴിഞ്ഞദിവസവും ഇസ്രയേല്‍ വ്യോമാക്രമണം തുടര്‍ന്നെങ്കിലും തീവ്രത കുറവായിരുന്നു. ബെയ്റൂട്ടില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ആളുകള്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇന്നലെ വ്യോമാക്രമണമുണ്ടായില്ല. അതേസമയം, ലെബനനിലുള്ള ഇസ്രേലി സൈനികര്‍ക്കുനേരേ ഹിസ്ബുള്ള മിസൈല്‍ ആക്രമണം തുടര്‍ന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇറാന് അനുകൂലമായി ഹിസ്ബുള്ള പങ്കുചേര്‍ന്നതോടെയാണ് ഇസ്രയേല്‍ ലെബനനുനേരേ ആക്രമണമാരംഭിച്ചത്. ഇസ്രേയല്‍ ആക്രമണങ്ങളില്‍ ലെബനനില്‍ ഇതുവരെ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. ലെബനനിലുള്ള ഇസ്രേലി സൈനികരെ ഇസ്രയേല്‍ സൈനികമേധാവി ഇയാല്‍ സമീര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞദിവസത്തെ ആക്രമണങ്ങളില്‍ ഹിസ്ബുള്ളയ്ക്ക് കനത്തനാശമുണ്ടായതായി അദ്ദേഹം പറഞ്ഞു.
പാകിസ്താന്റെ മധ്യസ്ഥതയിലുള്ള സമാധാനശ്രമങ്ങളെ നിരര്ത്ഥകമാക്കുന്നതാണ് ലെബനനുനേരേയുള്ള ഇസ്രേലി ആക്രമണമെന്ന് ഇറാന് കുറ്റപ്പെടുത്തി. പാകിസ്താന്റെ മധ്യസ്ഥതയിലുള്ള യു.എസ്-ഇറാന് ചര്‍ച്ചകളില്‍ ഭാഗഭാക്കാകുമെന്ന് ഇസ്രയേലോ ലെബനനോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, സമാധാന ചര്‍ച്ചകള്‍ക്കായി ലെബനന് പ്രധാനമന്ത്രി നവാഫ് സലാംയു.എസ് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. യുദ്ധം തുടരുമ്പോഴും ലെബനനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് ഇസ്രയേല്‍ താത്പര്യം പ്രകടിപ്പിച്ചതാണ് ഈ നയതന്ത്ര നീക്കത്തിന് വഴിയൊരുക്കിയത്. ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിനുള്ള സൈനിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇസ്രയേല്‍ അമേരിക്കയോട് കുറച്ച് ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.



