ദോഹ: മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ദോഹയിലെത്തി. ദോഹ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ വിദേശകാര്യ സഹമന്ത്രി ഡോ.
മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫി, ഖത്തറിലെ ബ്രിട്ടീഷ് അംബാസഡര്‍ നീരവ് പട്ടേല്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ നിലവില്‍വന്ന പശ്ചാത്തലത്തിലാണ് സ്റ്റാര്‍മറുടെ സന്ദര്‍ശനം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്നു തടസപ്പെട്ട ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നതു സന്ദര്‍ശനത്തിന്റെ പ്രധാന അജന്‍ഡയാണ്.




