
ഇസ്ലാമാബാദ്: പശ്ചിമേഷ്യയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഇറാനുമായുള്ള തുടര്‍ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രതിനിധിസംഘം പാകിസ്താനിലെത്തിയതായി സൂചന. അമേരിക്കന്‍ വ്യോമസേനാ വിമാനം 'ചാള്‍സ്റ്റണ്‍' റാവല്‍പിണ്ടിയിലെ പാക് വ്യോമത്താവളത്തിലിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
താല്‍ക്കാലിക വെടിനിര്‍ത്തലിനു വഴിവച്ച കരാറില്ത്തട്ടി അമേരിക്കയും ഇറാനും വാക്പോര് തുടരുന്നതിനിടെയാണ് യു.എസ്. വിമാനം പാക് മണ്ണിലെത്തിയത്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിലും ആക്രമണം അവസാനിപ്പിക്കുന്നതിലും ഉള്‍പ്പെടെ ഇരുപക്ഷവും കരാര്‍ലംഘനം ആരോപിച്ചതോടെ ഇസ്ലാമാബാദ് ആതിഥേയത്വം വഹിക്കുന്ന തുടര്‍ചര്‍ച്ചകളും ത്രിശങ്കുവിലായിരുന്നു. പക്ഷേ, 'ചാള്‍സ്റ്റണ്‍' പാകിസ്താനിലെത്തിയതു പ്രതീക്ഷ പകരുന്നു. സമവായ ചര്‍ച്ചകള്‍ തുടരുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്ന പാകിസ്താന് തയാറെടുപ്പുകള്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വേദി സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും തലസ്ഥാനമായ ഇസ്ലാമാബാദിലെ സെറീന ഹോട്ടലില്‍നിന്ന് അതിഥികളെ കഴിഞ്ഞദിവസം ഒഴിപ്പിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയ ഓഫീസിനു സമീപം അതീവസുരക്ഷാ മേഖലയിലാണ് ഈ ഹോട്ടല്‍. അതിനുപുറമേ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും തലസ്ഥാനത്ത് പൊതുഅവധിയും പ്രഖ്യാപിച്ചു. ഇസ്ലാമാബാദിലെ പ്രധാന നിരത്തുകളില്‍ ഗതാഗതം വഴിതിരിച്ചുവിടുകയും പോലീസ് ചെക്പോയിന്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇതിനുപുറമേ ആയുധങ്ങളേന്തിയ സുരക്ഷാ ഉദ്യോഗസ്ഥരെ തെരുവുകളില്‍ നിയോഗിച്ചിട്ടുമുണ്ട്. ലോകം ഉറ്റുനോക്കുന്ന ചര്‍ച്ച സെറീന ഹോട്ടലിലായിരിക്കുമെന്നാണ് ഈ മുന്നൊരുക്കങ്ങളെല്ലാം സൂചിപ്പിക്കുന്നതെന്നാണു വിലയിരുത്തല്‍.



