
ഇസ്ലാമാബാദ്: രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍വച്ച് യു.എസ്.-ഇറാന് ചര്‍ച്ച. യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പാകിസ്താനിലേക്കു പുറപ്പെട്ടു.
ഇന്ന് ആദ്യ ഘട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണു സൂചന. പ്രത്യേക ദൂതന് സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന് ജാരെഡ് കുഷ്നറും യു.എസ്. സംഘത്തിലുണ്ട്. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫും വിദേശമന്ത്രി അബ്ബാസ് അരാഗ്ചിയും ഇറാന് സംഘത്തിലുണ്ടാകും. അതേ സമയം, ഇറാന് സംഘം പാകിസ്താനിലേക്കു തിരിച്ചതായി സൂചനയില്ല.
ഇറാനും യു.എസിനുമിടയില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്താനിലെ ഷെബാസ് ഷെരീഫ് സര്‍ക്കാര്‍, ചര്‍ച്ചയുടെ വേദിയും സമയവും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇസ്ലാമാബാദിലെ അതീവ സുരക്ഷാ മേഖലയായ റെഡ് സോണില്‍ പാക് വിദേശകാര്യ മന്ത്രാലയത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന സെറീന ഹോട്ടലില്‍നിന്ന് ബുധനാഴ്ച അതിഥികളെ ഒഴിപ്പിച്ചിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇസ്ലാമാബാദില് പൊതുഅവധിയും പ്രഖ്യാപിച്ചു. തെരുവുകള്‍ മുഴുവന്‍ സുരക്ഷാസേനകളുടെ നിയന്ത്രണത്തിലാണ്.പരോക്ഷമായ ചര്‍ച്ചയാകും നടക്കുക. രണ്ടു മുറികളിലായി ഇരിക്കുന്ന പ്രതിനിധിസംഘങ്ങള്ക്കിടയില് പാക് ഉദ്യോഗസ്ഥര്‍ സന്ദേശങ്ങള്‍ കൈമാറും. നേരത്തെ ഒമാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളും ഇതേ രീതിയിലായിരുന്നു. യു.എസ്.-ഇറാന് ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതു പാകിസ്താന് ഒരു ബഹുമതിയാണെന്നു പാക് വിദേശമന്ത്രി നഖ്വി പറഞ്ഞു. പങ്കെടുക്കുന്ന രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കും അവിടെനിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ പാകിസ്താന് വിസ ഓണ്‍ അറൈവല്‍ പ്രഖ്യാപിച്ചു.ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നും എന്നാല്‍, ഇറാന് കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിനേടിടേണ്ടി വരുമെന്നും യു.എസ്. വൈസ് പ്രസിഡന്റ് വാന്‍സ് പറഞ്ഞു. ചര്‍ച്ചകള്‍ക്കായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ സമ്പുഷ്ട യുറേനിയം ശേഖരം, ഹോര്‍മൂസ് കടലിടുക്ക് തുറക്കുക തുടങ്ങിയ 15 നിര്‍ദേശങ്ങള്‍ ട്രംപ് മുന്നോട്ടുവച്ചിരുന്നു. അതേസമയം, ഹോര്മുസിനുമേലുള്ള നിയന്ത്രണം അടക്കമുള്ള ബദല്‍ നിര്‍ദേശങ്ങളാണ് ഇറാന് ഉന്നയിക്കുന്നത്. അതേ ലെബനന് വിഷയം ചര്‍ച്ചകളില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും. ലെബനനുനേരെയുള്ള ആക്രമണം അവസാനിപ്പിക്കുക എന്നതും വെടിനിര്‍ത്തില്‍ ഉപാധികളുടെ ഭാഗമാമെന്നു പാക് പ്രധാനമന്ത്രി അവകാശപ്പെട്ടെങ്കിലും ഇസ്രയേല്‍ ഇതു തള്ളി.



