
കൊല്ലം: കൊല്ലം ജില്ലയില്‍ അടുത്തിടെ വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും ജനങ്ങളില്‍ ഭീതി പരത്തുന്നു. കരുനാഗപ്പള്ളി, കൊല്ലം, ശാസ്‌താംകോട്ട, ചില കിഴക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന കുടിപ്പക കൊലപാതകങ്ങളും മയക്കുമരുന്നിന്റെ ലഹരിയില്‍ നടത്തുന്ന അപ്രതീക്ഷിത ആക്രമണങ്ങളും മറ്റും പോലീസിന്റെ അനാസ്‌ഥയെക്കുറിച്ചും ക്രമസമാധാന നിലയെക്കുറിച്ചും വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
അടുത്തിടെയുണ്ടായ പ്രധാന സംഭവങ്ങളും നിലവിലെ സാഹചര്യവും ഇതിനുദാഹരണമാണ്. കഴിഞ്ഞ മാസം കരുനാഗപ്പള്ളി പുതിയകാവില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നതു നാടിനെ നടുക്കി. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതി അലുവ അതുലാണ് (31) കൊല്ലപ്പെട്ടത്.
ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പോലീസ് സ്‌റ്റേഷനില്‍ പോയി ഒപ്പിട്ട് മടങ്ങവെയാണ് പിന്തുടര്‍ന്നെത്തിയ നാലംഗ ഗുണ്ടാസംഘം അതുല്‍ സഞ്ചരിച്ചിരുന്ന കാറിനെ റോഡിന് സമീപത്തെ കുഴിയിലേക്ക് ഇടിച്ചു മറിച്ചശേഷം ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. പ്രതികള്‍ അറസ്‌റ്റിലായെങ്കിലും പോലീസിന്റെ മൂക്കിന് മുമ്പില്‍ നടന്ന ക്രൂരകൃത്യത്തിന്റെ ഞെട്ടലില്‍ നിന്ന് നാട് ഇതുവരെ മുക്‌തമായിട്ടില്ല.
അലുവ അതുലിനെ ആക്രമിക്കുമെന്ന് ഇന്റലിജന്‍സും സ്‌പെഷല്‍ ബ്രാഞ്ചും സംഭവത്തിന് ഒരാഴ്‌ച മുമ്പ് മുന്നറിയിപ്പ് നല്‍കിയിട്ടും പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല. 2025 മാര്‍ച്ച് 27ന് പടനായര്‍കുളങ്ങര വടക്ക് കെട്ടിശേരില്‍ കിഴക്കതില്‍ വീട്ടില്‍ എ. സന്തോഷ്‌കുമാറെന്ന ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു അലുവ അതുല്‍. ജിം സന്തോഷിനെ അതുലും സംഘവും വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തുകയായിരുന്നു.
സ്‌ഫോടക വസ്‌തുക്കള്‍ മുറിയില്‍ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം മാതാവിന്റെ കണ്‍മുന്നില്‍ വച്ചായിരുന്നു കൊലപാതകം. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കൊല്ലം മരുത്തടിയിലെ മാതാവിന്റെ വീടിനു സമീപത്തെ ക്ഷേത്രത്തില്‍ വിളക്കെടുപ്പ് ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ ശാസ്‌താംകോട്ട കുന്നത്തൂര്‍ ഐവര്‍കാല കീച്ചപ്പള്ളി സോപാനത്തില്‍ ഹരികൃഷ്‌ണനെന്ന കൗമാരക്കാരനെ കൊലപ്പെടുത്തിയ സംഭവമാണ് മറ്റൊന്ന്.
രാത്രി ഉത്സവാഘോഷത്തിനിടെ ഒരു കൂട്ടം നരാധമന്മാരുടെ ആക്രമണത്തില്‍ ഹരികൃഷ്‌ണന്റെ ജീവന്‍ പൊലിയുകയായിരുന്നു. കൊലയാളികള്‍ പിടിയിലായെങ്കിലും 18 കാരനായ മകന്റെ ജീവന്‍ പൊലിഞ്ഞ നോവുമായി കേഴുകയാണ് നിര്‍ധന കുടുംബം. കഴിഞ്ഞയാഴ്‌ചയാണ് കടയ്‌ക്കലില്‍ ഓട്ടോറിക്ഷയില്‍ എത്തിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വയല സ്വദേശിയായ ശരത്താ(42)ണ് കൊല്ലപ്പെട്ടത്. ബാറിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ബാറില്‍ നിന്നിറങ്ങിയ ശരത്തിനെ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന നാലംഗ സംഘം ശരത്തിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ശാസ്‌താംകോട്ട പടിഞ്ഞാറേ കല്ലട വിളന്തറയിലെ കല്യാണ വീട്ടിലും മറ്റും ഗുണ്ടാ സംഘം അക്രമം നടത്തിയത് കഴിഞ്ഞ ദിവസമാണ്.
തുറന്ന ജീപ്പിലും ബൈക്കുകളിലും രാത്രി സഞ്ചരിച്ച എട്ടംഗ സംഘമാണ് ബൈക്കില്‍ എതിരെ വന്ന സഹോദരങ്ങളെ ആക്രമിച്ച ശേഷം അടുത്തുള്ള കല്യാണ വീട്ടില്‍ കയറി കണ്ണില്‍ കണ്ടതെല്ലാം അടിച്ചു തകര്‍ത്തത്. വാഹനങ്ങളുടെ മരണപ്പാച്ചില്‍ ചോദ്യം ചെയ്‌തതാണ് യുവാക്കളെ ആക്രമിക്കാന്‍ കാരണം. തലയ്‌ക്ക് സാരമായി പരുക്കേറ്റ സഹോദരങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. കോട്ടക്കുഴി മുക്കിലെ കല്യാണ വീടിന്റെ മുമ്പിലെത്തിയ സംഘം യാതൊരു പ്രകോപനവുമില്ലാതെ റോഡില്‍ പാര്‍ക്ക് ചെയ്‌തിരുന്ന കാറുകള്‍ അടിച്ച് തകര്‍ത്തു.
കല്യാണ വീട്ടിലേക്ക് അതിക്രമിച്ച് കയറി ജനല്‍ ചില്ലുകളും സൗണ്ട് സിസ്‌റ്റവും തകര്‍ത്തു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ പല സ്‌ഥലങ്ങളില്‍ നിന്ന് പോലീസ് പിടികൂടിയെങ്കിലും മറ്റു പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്. കുണ്ടറ പെരുമ്പുഴയില്‍ ഓട്ടോറിക്ഷയിലും ബൈക്കിലുമായെത്തിയ 20 അംഗ സംഘമാണ് മൂന്ന് യുവാക്കളെ വെട്ടി പരുക്കേല്‍പിച്ചത്.
കൊട്ടാരക്കര കോട്ടാത്തലയില്‍ വീടുകയറി യുവാവിനെ ആക്രമിച്ചത് കാപ്പ കേസ് പ്രതി ഉള്‍പ്പെടെയുള്ള സംഘമാണ്. കടയ്‌ക്കലില്‍ യുവാക്കള്‍ക്ക് നേരെ ഗുണ്ടാ ആക്രമണമുണ്ടായി. കൊല്ലം കുണ്ടറയില്‍ പോലീസിന് നേരെയും ഗുണ്ടാ ആക്രമണമുണ്ടായി. അക്രമി സംഘത്തെ പിടികൂടാന്‍ സംഘര്‍ഷ സ്‌ഥലത്തെത്തിയ പോലീസിന് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ നാല് പോലീസുകാര്‍ക്കാണ് പരുക്കേറ്റത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം അക്രമങ്ങള്‍ വര്‍ധിക്കുന്നത് പൊതുജനങ്ങളില്‍ ഭീതിയും ആശങ്കയുമുണ്ടാക്കുന്നതിനിടയിലാണ് ഗുണ്ടകള്‍ അസോസിയേഷന്‍ രൂപീകരിച്ച് ഓഫീസ് തുറക്കാന്‍ പദ്ധതിയിട്ട സംഭവമുണ്ടായത്.
ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്നതാണ് സംഭവം. തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഇവര്‍ യോഗം ചേരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കഴിഞ്ഞയാഴ്‌ച ഈസ്‌റ്റ് പോലീസ് ആറുപേരെ അറസ്‌റ്റ് ചെയ്‌തത്.
കൊല്ലം ശാരദാ മഠത്തിന് സമീപം ഗുണ്ടാ അസോസിയേഷന്‍ ഓഫീസ് തുറക്കുന്നുവെന്ന വ്യാജേന വീഡിയോകള്‍ ചിത്രീകരിക്കുകയും റോഡില്‍ ഉച്ചത്തില്‍ പാട്ട് വച്ച് നൃത്തം ചെയ്യുകയും ചെയ്‌തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഗുണ്ടകള്‍ തന്നെയാണ് പുറത്തുവിട്ടത്.
മയക്കുമരുന്ന് കേസുകള്‍
വര്‍ധിച്ചതായി റിപ്പോര്‍ട്ട്
2026 ജനുവരി 26 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കൊല്ലം സിറ്റി പോലീസ് പരിധിയില്‍ മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജനുവരി ആദ്യം കരുനാഗപ്പള്ളി പോലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 10.246 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്‌റ്റ് ചെയ്‌തു.
ജനുവരി 28ന് കരുനാഗപ്പള്ളി തഴവയിലെ വാടകവീട്ടില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയില്‍ 14.88 ഗ്രാം എം.ഡി.എം.എയും, തോക്ക്, വാള്‍, കോടാലി തുടങ്ങിയ ആയുധങ്ങളും പിടിച്ചെടുത്തു.
ഫെബ്രുവരിയില്‍ ഓച്ചിറയില്‍ നിന്ന് എം.ഡി.എം.എ. പിടിച്ചെടുത്തു. മാര്‍ച്ച് 22ന് അഞ്ചാലുംമൂട് സ്വദേശിനിയില്‍ നിന്ന് 46 ഗ്രാം എം.ഡി.എം.എ. പിടികൂടി. ലഹരി മാഫിയകള്‍ വാടക വീടുകള്‍ കേന്ദ്രീകരിച്ച് ലഹരി സൂക്ഷിക്കുന്നതായി പോലീസ് കണ്ടെത്തി. ലഹരി മരുന്നു വിതരണ ശൃംഖല തകര്‍ക്കുന്നതിനായി കൊല്ലം സിറ്റി പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും ലഹരി കടത്തിന് കുറവില്ല.
ഗുണ്ടാ വിളയാട്ടം
പോലീസിന്റെ പരാജയം
ഗുണ്ടാ കുടിപ്പക നിലനില്‍ക്കുന്ന കരുനാഗപ്പള്ളി പോലുള്ള പ്രദേശങ്ങളില്‍ കൊലപാതക സാധ്യത മുന്‍കൂട്ടി കാണുന്നതിലോ ഗുണ്ടകളെ നിരീക്ഷിക്കുന്നതിലോ പോലീസ് ഇന്റലിജന്‍സ് പരാജയപ്പെട്ടു. പോലീസ് സ്‌റ്റേഷന് സമീപം, അതും ജാമ്യ വ്യവസ്‌ഥയുടെ ഭാഗമായി ഒപ്പിട്ട് മടങ്ങുന്ന പ്രതിയെ ആക്രമിക്കാന്‍ ഗുണ്ടകള്‍ക്ക് ധൈര്യം ലഭിക്കുന്നത് പോലീസിന്റെ സുരക്ഷാ വീഴ്‌ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൊല്ലം റൂറല്‍ മേഖലയില്‍ പോലീസുകാരുടെ കുറവും പുതിയ പോലീസ് സ്‌റ്റേഷനുകളുടെ അഭാവവും അന്വേഷണത്തെ ബാധിക്കുന്നതായി ജനപ്രതിനിധികള്‍ തന്നെ പരാതിപ്പെടുന്നു. പല സ്‌റ്റേഷനുകളിലും ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്‌ഥര്‍ മറ്റ് ഡ്യൂട്ടികളാല്‍ വലയുന്ന അവസ്‌ഥയാണ്.
ഗുണ്ടാസംഘങ്ങള്‍ക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നതും പോലീസിന്റെ സ്വതന്ത്രമായ നീക്കങ്ങളെ തടസപ്പെടുത്തുന്നു.
ഉള്‍പ്രദേശങ്ങളിലും നഗര കേന്ദ്രങ്ങളിലും ഗുണ്ടാസംഘങ്ങള്‍ ഇപ്പോഴും സജീവമാണെന്നത് സാധാരണക്കാരുടെ സൈ്വര്യ ജീവിതത്തിന് വെല്ലുവിളിയായി തുടരുന്നു. ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ശക്‌തമായ ഇന്റലിജന്‍സ് സംവിധാനവും രാഷ്‌ട്രീയ സ്വാധീനമില്ലാത്ത നടപടികളും അത്യാവശ്യമാണ്.






