
കോട്ടയം: തെരഞ്ഞെടുപ്പിനു പിന്നാലെ കത്താലിക്കാസഭാ നേതൃത്വത്തെ വിമര്‍ശിച്ച് പൂഞ്ഞാര്‍, പാലാ മണ്ഡലങ്ങളിലെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥികളായ പി.സി. ജോര്‍ജും ഷോണ്‍ ജോര്‍ജും.
മെത്രാന്‍മാര്‍ രാഷ്‌ട്രീയം പറഞ്ഞാല്‍ രാഷ്‌ട്രീയമായി നേരിടുമെന്നു പി.സി. ജോര്‍ജ് പറഞ്ഞു. ഒരു ബഹുമാനവും കാണിക്കില്ല. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞു. മര്യാദയാണോ കാണിച്ചത്. അത് പറയാന്‍ അയാള്‍ക്കെന്താണ് അവകാശം.
പൂഞ്ഞാറിലെ സ്‌ഥാനാര്‍ഥികളില്‍ സഭയ്‌ക്ക് എന്തെങ്കിലും ഗുണം ചെയ്‌തിട്ടുണ്ടെങ്കില്‍ അതു ഞാനാണ്. എന്തു കിട്ടിയിട്ടാണ് നാണംകെട്ടവര്‍ യു.ഡിഎഫിന് വോട്ട് ചെയ്യണമെന്നു പറയുന്നത്. സഭയേയും മെത്രാന്‍മാരെയും തള്ളിപറയേണ്ടിവരും. ബോധവും വിവരവുമില്ലാത്തവരാണ്. എഫ്.സി.ആര്‍.എ. ബില്ല് വരും. എതിര്‍ക്കുന്നവര്‍ക്കു വീട്ടില്‍പോകാം. വിദേശത്തുനിന്ന് പണം വാങ്ങിക്കുന്നതിന് കണക്കു നല്‍കിയാല്‍ എന്താണു കുഴപ്പം. എന്നിട്ടും കത്തോലിക്ക സഭയാണ്, ക്രിസ്‌ത്യാനിയാണ് എന്ന് വിചാരിച്ച് അമിത് ഷാ സഭയോട് പറഞ്ഞു, ഒരു പ്രശ്‌നവുമില്ല, നിങ്ങള്‍ ഏതു കണക്കു തന്നാലും അംഗീകരിക്കാമെന്ന്. എന്നിട്ടും എന്തിനാണ് ഇവന്‍മാര്‍ കുരയ്‌ക്കുന്നത്.- പി.സി. ജോര്‍ജ് പറഞ്ഞു.
'ബിഷപ്പുമാരുടെ ലേബലില്‍ ചില വ്യക്‌തികള്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കാന്‍ സഭയ്‌ക്കു കഴിയണം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ സഭയുടെ എല്ലാ പ്രതിസന്ധിയിലും കൂടെ നിന്നത് ഷോണ്‍ ജോര്‍ജും ബി.ജെ.പിയും അമിത് ഷായുമൊക്കെയാണ്. ഞങ്ങളെ സഭ വേണ്ടെന്ന് തീരുമാനിച്ചാല്‍ ഞങ്ങള്‍ക്കും സഭയെവേണ്ട എന്ന് തീരുമാനിക്കേണ്ടിവരില്ലേ. സഭയ്‌ക്ക് വേണ്ടി നിലക്കൊള്ളുന്ന എന്നെപോലുള്ളവരെ ഉപദ്രവിക്കാന്‍ ഇതിനകത്തുള്ള ആളുകള്‍ നിന്നാല്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്.'- ഷോണ്‍ ചോദിച്ചു.






