
പാലാ: ആഴമായ ആധ്യാത്മികതയുടെ പ്രഭവ സ്രോതസും സഭയെ എക്കാലത്തും വഴിനടത്തിയ നക്ഷത്രവുമാണ് പാലാ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലെന്നും ആ നക്ഷത്ര ശോഭയിലൂടെയാണു സഭ സഞ്ചരിക്കുന്നതെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ 100-ാം ജന്മദിനത്തോടനുബന്ധിച്ച് പാലാ ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പാലാ രൂപത സിറോ മലബാര്‍ സഭയ്‌ക്ക് എക്കാലത്തും മാതൃകയാണെന്നും മാര്‍ തട്ടില്‍ പറഞ്ഞു.
കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. മാര്‍ പള്ളിക്കാപറമ്പില്‍ ശരിയായ പാത കാണിച്ചുതന്ന ആത്മീയ നേതാവാണെന്നും ആഗോള ൈക്രസ്‌തവ ദര്‍ശനമുള്ള ആത്മീയ ആചാര്യനാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ചേര്‍ന്നു മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ് തോമസ് മേനാംപറമ്പില്‍, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ഔഗിന്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
ജന്മദിനാഘോഷത്തിന്റെ ഭാഗമായി മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ കേക്ക് മുറിച്ചു. ദൈവം നല്‍കിയ അവര്‍ണനീയമായ ദാനമാണ് തന്റെ ജീവിതമെന്നും ദൈവത്തിന്റെ കാരുണ്യത്തിനും എല്ലാവര്‍ക്കും നന്ദിപറയുന്നതായും മാര്‍ പള്ളിക്കാപ്പറമ്പില്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ആര്‍ച്ച് ബിഷപുമാര്‍, 40 ലധികം ബിഷപുമാര്‍, വൈദികര്‍, മദര്‍ സുപ്പീരിയര്‍മാര്‍, കന്യാത്രീകള്‍, അല്‍മായ പ്രതിനിധികള്‍, ജനപ്രതിനിധികളായ ജോസ് കെ. മാണി എം.പി, ഫ്രാന്‍സീസ് ജോര്‍ജ് എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പഴ്‌സണ്‍ ദിയ ബിനു തുടങ്ങി ഒട്ടേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.സമ്മേളനത്തിനു മുന്നോടിയായി അരമന ചാപ്പലില്‍ സായാ പ്രാര്‍ഥന നടന്നു. രാവിലെ അരമന ചാപ്പലില്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കര്‍ദിനാള്‍ ഡോ.ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു.






