
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു കഷ്‌ടിച്ച് കേവലഭൂരിപക്ഷം ലഭിച്ചാല്‍ രമേശ് ചെന്നിത്തലയും 100 സീറ്റ് ലഭിച്ചാല്‍ കെ.സി. വേണുഗോപാലുമാകും മുഖ്യമന്ത്രിയെന്ന് അഭ്യൂഹപ്രചാരണം. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകണമെന്നു തുറന്നടിച്ച് എറണാകുളം ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പാര്‍ട്ടിയില്‍ വോട്ടെടുപ്പിനുശേഷമുള്ള ആദ്യവെടി പൊട്ടിച്ചു.
വോട്ടെടുപ്പിനു മുമ്പേ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്‌ഥാനത്തെച്ചൊല്ലി വിവാദം തുടങ്ങിയിരുന്നു. രമേശ് ചെന്നിത്തലയെ അനുകൂലിച്ച് കെ. സുധാകരനും പി.ജെ.കുര്യനും തുടക്കത്തിലേ രംഗത്തുവന്നു. എന്നാല്‍, വി.ഡി. സതീശന്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ച് പക്വത കാട്ടി. തര്‍ക്കം രൂക്ഷമായാല്‍ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് കെ.സി. വേണുഗോപാല്‍ കടന്നുവരുമെന്ന് കരുതുന്നവരുമേറെ.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആര് മുഖ്യമന്ത്രിയാകും എന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ അനാവശ്യമാണെന്ന് ശശി തരൂർ എംപി പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം എംഎൽഎമാരുടെ താൽപ്പര്യം കൂടി പരിഗണിച്ചായിരിക്കും ഹൈക്കമാൻഡ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഇത്തരം ചർച്ചകൾക്ക് പ്രസക്തിയില്ലെന്നാണ് തരൂരിന്റെ നിലപാട്.
കെട്ടിടം പണി പൂർത്തിയായ ശേഷമേ ഫർണിച്ചർ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ എന്ന രസകരമായ ഉദാഹരണത്തോടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്. ആരായിരിക്കണം മുഖ്യമന്ത്രി എന്നോ ഏത് നഗരത്തിൽ നിന്നുള്ളവരാകണം എന്നോ ഇപ്പോൾ പ്രവചിക്കാനാവില്ലെന്നും നേതാക്കൾ ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ അനാവശ്യമാണെന്നും തരൂർ കൂട്ടിച്ചേർത്തു.
നേരത്തെ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും കേട്ടിരുന്നത്. എന്നാൽ പിന്നീട് കെ.സി. വേണുഗോപാലിന്റെ പേരും സജീവമായി ചർച്ചകളിലേക്ക് വന്നു. ഇതോടെ വിവിധ നേതാക്കൾ അനുകൂല പ്രസ്താവനകളുമായി രംഗത്തെത്തുകയും സമൂഹമാധ്യമങ്ങളിൽ അണികൾ ചേരിതിരിഞ്ഞ് പ്രചാരണം തുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് തരൂരിന്റെ ഈ പ്രതികരണം.






