വാഷിങ്ടണ്‍: ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിച്ചെന്നു നാസ. എസ്.എല്‍.എസ്. റോക്കറ്റ്, ബഹിരാകാശ പേടകം(ഓറിയോണ്‍), ഉപകരണങ്ങള്‍ എന്നിവരെല്ലാം പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചതായാണു വിശദീകരണം.
എങ്കിലും, 2028ല്‍ മനുഷ്യരുമായി ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിയണമെന്ന നാസയുടെയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ലക്ഷ്യം സാധ്യമാകുമോ എന്ന വലിയ ചോദ്യം ബാക്കിയാണ്.
ആര്‍ട്ടെമിസ് 2ല്‍നിന്നുള്ള
പാഠം
കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്.എല്‍.എസ്) റോക്കറ്റ് എത്തിച്ചതിനു പിന്നാലെ തുടങ്ങി പ്രതിസന്ധികള്‍.
ഫെബ്രുവരിയിലും മാര്‍ച്ചിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം രണ്ട് തവണ വിക്ഷേപണം മാറ്റിവച്ചു.
യാത്രികരില്ലാത്ത ആര്‍ട്ടെമിസ് 1 ദൗത്യം 2022 നവംബറിലാണ് വിക്ഷേപിച്ചത്. ആര്‍ട്ടെമിസ് 2ന്റെ ഭാഗമായ എസ്.എല്‍.എസ്. വിക്ഷേപണ സമയത്ത് 88 ലക്ഷം പൗണ്ട് ഊര്‍ജം ഉത്പാദിപ്പിച്ചു. എന്‍ജിനീയര്‍മാരുടെ എല്ലാ കണക്കുകൂട്ടലും കൃത്യമായി. ആരോഹണത്തിന്റെ ഓരോ ഘട്ടവും സാധാരണമായിരുന്നു. പരമാവധി ഡൈനാമിക് പ്രഷര്‍, മെയിന്‍ എന്ജിന് കട്ട്ഓഫ്, ബൂസ്റ്റര്‍ വേര്‍തിരിക്കല്‍ എന്നിവയെല്ലാം കൃത്യമായി പ്രവര്‍ത്തിച്ചു.
ചന്ദ്രനിലേക്കുള്ള പാതയിലെ മൂന്ന് നിശ്ചയിക്കപ്പെട്ട തിരുത്തലുകളില്‍ രണ്ടെണ്ണം വേണ്ടെന്നുവച്ചു. കാരണം ട്രാജക്ടറി അതിനകം വളരെ കൃത്യമായിരുന്നു.
വിക്ഷേപണം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞ് നിര്‍ണായക നിമിഷം വന്നു. ഓറിയോണ്‍ പേടകം അതിന്റെ പ്രധാന എന്ജിന് അഞ്ച് മിനിറ്റ് അമ്പത്തിയൊമ്പത് സെക്കന്‍ഡ് പ്രവര്‍ത്തിപ്പിച്ചു ഇത് ട്രാന്‍സ്ലൂണാര്‍ ഇന്ജക്ഷന് ബേണ്‍ എന്നറിയപ്പെടുന്നു.
ഇത് പേടകത്തെ ചന്ദ്രനിലേക്കുള്ള പാതയില്‍ എത്തിച്ചു. എന്ജിന് പ്രവര്‍ത്തിക്കല്‍ 'അതിശയകരമായിരുന്നു' എന്ന് ആര്‍ട്ടെമിസ് പ്രോഗ്രാം തലവന്‍ ഡോ. ലോറി ഗേ്ലസ് പറഞ്ഞു.
സഞ്ചാരികളുമായുള്ള യാത്രയായിരുന്നു ദൗത്യത്തില്‍ പ്രധാനം. പേടകവും യാത്രികരുമായുള്ള ഇടപെടലായിരുന്നു അറിയേണ്ടത്. സിമുലേറ്ററുകളില്‍ ഒരിക്കലും കണ്ടെത്താന്‍ കഴിയാത്ത കാര്യങ്ങള്‍...
അതിലൊന്നായിരുന്നു ടോയ്ലറ്റ് പ്രശ്നം. യാത്രികര്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്സൈഡിനെക്കുറിച്ചും പഠിക്കേണ്ടതുണ്ടായിരുന്നു. ത്രസ്റ്ററുകള്‍ പ്രവര്‍ത്തനരഹിതമാക്കുമ്പോള്‍ കാര്‍ബണ്‍ ഡയോക്സൈഡിനെ പേടകം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നാസയ്ക്ക് അറിയണമായിരുന്നു. എന്തായാലും ഓറിയോണ്‍ ആളുകളെ ചന്ദ്രോപരിതലത്തിലേക്ക് കൊണ്ടുപോകാന്‍ സുരക്ഷിതമാണെന്ന് വ്യക്തമായി.
കാഴ്ചയുടെ മൂല്യം
ബഹിരാകാശ യാത്രയ്ക്കിടെ യാത്രികര്‍ ധാരാളം നിരീക്ഷണങ്ങള്‍ നടത്തി. യഥാസമയം ഏകദേശം ചന്ദ്രന്റെ പ്രതലം സംബന്ധിച്ച് 35 സവിശേഷതകള്‍ ശ്രദ്ധിച്ചു. ധാതുക്കളുടെ ഘടന വെളിപ്പെടുത്താന്‍ സാധ്യതയുള്ള വര്‍ണ്ണ വ്യത്യാസങ്ങള്‍, സൂര്യഗ്രഹണം എന്നിവയും നിരീക്ഷിച്ചു. ചന്ദ്രന്റെ മറുവശത്തുള്ള 600 മൈല്‍ വീതിയുള്ള ഓറിയന്റല്‍ ബേസിന് എന്ന വലിയ ഗര്‍ത്തം, മനുഷ്യന്റെ കണ്ണുകള്‍ ആദ്യമായി കണ്ടു.
വലിയ പരീക്ഷ
ഏറ്റവും വലിയ പരീക്ഷ മണിക്കൂറില്‍ 40,000 കിലോ മീറ്റര്‍ വേഗത്തില്‍ ഓറിയോണ്‍ പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുക എന്നതായിരുന്നു. ആര്‍ട്ടെമിസ് 1ല്‍ ഹീറ്റ് ഷീല്‍ഡ് പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. അതാണു ആര്‍ട്ടെമിസ് 2വൈകാന്‍ കാരണമായത്.
ഹീറ്റ് ഷീല്‍ഡ് പ്രശ്നങ്ങള്‍ തുടര്‍ന്നിരുന്നെങ്കില്‍ യാത്രികരുടെ ജീവനു ഭീഷണിയാകുമായിരുന്നു.
ഒരു സിമുലേറ്ററിനും ആവര്‍ത്തിക്കാന്‍ കഴിയാത്ത പരീക്ഷയായിരുന്നു അത്. എങ്കിലും 2028ല്‍ ചന്ദ്രനില്‍ ഇറങ്ങുന്നത് ഇപ്പോഴും ഒരു വിദൂര സ്വപ്നമാണ്.
എന്നാല്‍ ഈ ദൗത്യത്തിന്റെ വിജയം ആ സാധ്യതകളെ ശരിയായ ദിശയിലേക്ക് മാറ്റിയിരിക്കുന്നു.






