ടെഹ്റാന്: യു.എസ്-ഇസ്രയേല്‍ യുദ്ധത്തിനു താല്‍ക്കാലിക വിരാമമായെങ്കിലും സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറന്നുനല്‍കാന്‍ കഴിയാതെ ഇറാന്.
പ്രതിരോധതന്ത്രത്തിന്റെ ഭാഗമായി സ്ഥാപിച്ച മൈനുകള്‍ എവിടെയൊക്കെയാണെന്നു കൃത്യമായി കണ്ടെത്താന്‍ കഴിയാത്തതാണ് ഇറാനെ പ്രതിസന്ധിയിലാക്കിയതെന്നാണു റിപ്പോര്‍ട്ട്. കടലിടുക്കില്‍ സ്ഥാപിച്ച മൈനുകള്‍ കണ്ടെത്താന്‍ ഇറാന് സൈന്യത്തിനു കഴിയുന്നില്ലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം യു.എസും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെയാണ് ഇറാന് ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ നിക്ഷേപിച്ചത്. എന്നാല്‍, ഇവ സ്ഥാപിച്ച കൃത്യമായ ഇടങ്ങള്‍ ഇറാന് രേഖപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പല മൈനുകളും കടലില്‍ ഒഴുകി നീങ്ങിയ നിലയിലാണുള്ളത്. ഇത് അവയെ കണ്ടെത്തുന്നത് അസാധ്യമാക്കുന്നു. യാതൊരു പദ്ധതികളുമില്ലാതെ അശാസ്ത്രീയമായാണ് ഇറാന് മൈനുകള്‍ സ്ഥാപിച്ചതെന്ന് യു.എസ്. ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
ഇസ്ലാമബാദില്‍ യു.എസുമായി സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കെ ഈ പ്രശ്നം ഇറാന് വലിയ തിരിച്ചടിയാണ്. നിശ്ചിത സമയത്തിനുള്ളില്‍ ഹോര്‍മുസ് തുറന്നില്ലെങ്കില്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹോര്‍മുസ് തുറക്കാമെന്ന് ഇറാന് സമ്മതിച്ചിരുന്നെങ്കിലും സാങ്കേതികമായി അതിന് കഴിയാത്ത അവസ്ഥയാണിപ്പോള്‍.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോര്‍മുസ് വഴിയാണ്. ഇന്ത്യയുടെ ഊര്‍ജ ഇറക്കുമതിയുടെ 80 ശതമാനവും ഈ പാതയെ ആശ്രയിച്ചാണ്. ഹോര്‍മുസിലെ പ്രതിസന്ധി മാറിയില്ലെങ്കില്‍ ഇന്ത്യയെയും അതു ബാധിക്കും.
പ്രധാനപാതയില്‍ മൈനുകള്‍ ഉള്ളതിനാല്‍ കപ്പലുകള്‍ കൂട്ടിയിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇറാന് 'ബദല്‍ പാതകള്‍' നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ദേശിക്കപ്പെട്ട പുതിയ വഴികളിലൂടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ കപ്പലുകള്‍ ഹോര്‍മൂസിലൂടെ സഞ്ചരിക്കാവൂ എന്ന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.





