വാഷിങ്ടണ്‍: മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ വേഗത്തിലാണ് ആര്‍ട്ടിമിസ് 2 ബഹിരാകാശ യാത്രികര്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് കാലിഫോര്‍ണിയ തീരത്ത് അവര്‍ സുരക്ഷിതരായി ഇറങ്ങി. ബഹിരാകാശ യാത്രയുടെ ശാരീരികവും മാനസികവുമായ സമ്മര്‍ദങ്ങളെ അവര്‍ അതിജീവിച്ചു കഴിഞ്ഞു. പക്ഷേ, സാധാരണ ജീവിതത്തിലേക്കു മടങ്ങാന്‍ അല്പം സമയമെടുക്കും. വിമാനമിറങ്ങി അടുത്ത വാഹനത്തില്‍ വീട്ടിലേക്കു മടങ്ങുന്നയത്ര ലളിതമല്ല കാര്യങ്ങള്‍.
നാസ ബഹിരാകാശ യാത്രികരുടെ ആരോഗ്യത്തെക്കുറിച്ചോ സ്വകാര്യ ജീവിതത്തെക്കുറിച്ചോ വിശദാംശങ്ങള്‍ പുറത്തുവിടുകയില്ല, എന്നാല്‍ റീഡ് വൈസ്മാന്, ക്രിസ്റ്റീന കോച്ച്, വിക്ടര്‍ ഗേ്ലാവര്‍, ജെര്‍മി ഹാന്സന് എന്നിവര്‍ ഇനി നാസയുടെ ചട്ടങ്ങള്‍ പ്രകാരമുള്ള പരിശോധനകള്‍ക്ക് വിധേയരാകണം.
തിരിച്ചെത്തിയ ഉടന്‍ ബഹിരാകാശ യാത്രികരെ യു.എസ്. യുദ്ധക്കപ്പലിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കരയിലെത്തിച്ച് വിമാനത്തില്‍ നാസയുടെ ഹ്യൂസ്റ്റണിലുള്ള ജോണ്സണ് സ്പേസ് സെന്ററിലേക്ക് മാറ്റി.
10 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച അവര്‍ വീണ്ടും ഭൂമിയുമായി ഒത്തുപോകേണ്ടതുണ്ട്.
ഭൂമിയുടെ ആകര്ഷണശക്തിയില്ലാത്തതിനാല്, ബഹിരാകാശത്ത് പേശികളുടെയും അസ്ഥികളുടെയും അളവ് കുറയും. പുറകിലും കഴുത്തിലും കണങ്കാലിലുമുള്ള പേശികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ബഹിരാകാശ യാത്രികര്‍ക്ക് കര്‍ശനമായ വ്യായാമങ്ങളുണ്ട്. എങ്കിലും ശരീരത്തിലെ എല്ലാ ബലക്ഷയങ്ങളെയും തടയാന്‍ കഴിയില്ല.വെറും രണ്ടാഴ്ചകൊണ്ട്, പേശികളുടെ അളവ് 20% വരെ കുറയാം.
ഏകദേശം 700 പേര് ഇതിനുമുമ്പ് ബഹിരാകാശത്തേക്ക് പോയിട്ടുണ്ട്. ആര്‍ട്ടിമിസ് 2 യാത്രികര്‍ അവിടെ ചെലവഴിച്ച സമയം മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുറവാണ്.
1981 മുതല്‍ 2011 വരെയുള്ള ബഹിരാകാശ ഷട്ടില്‍ കാലഘട്ടത്തില്‍, ബഹിരാകാശ യാത്രികര്‍ രണ്ടാഴ്ച മുതല്‍ മൂന്നാഴ്ച വരെ ബഹിരാകാശത്ത് ചെലവഴിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സാധാരണ താമസം ഇപ്പോള്‍ അഞ്ച് മുതല്‍ ആറ് മാസം വരെയാണ്. അതുകൊണ്ട്, ആര്‍ട്ടിമിസ് 2 യാത്രികര്‍ക്ക് അവരുടെ മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശാരീരിക പ്രശ്നങ്ങള്‍ കുറവായിരിക്കും.
പരിശോധനകള്‍ക്കുശേഷമാകും വീടുകളിലേക്ക് മടങ്ങാന്‍ അനുമതി ലഭിക്കുക. അതിന് ആഴ്ചകള്‍ വേണ്ടിവരും. കമാന്‍ഡര്‍ റീഡ് വൈസ്മാന്റെ ഭാര്യ 2020ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. കൗമാരക്കാരികളായ പെണ്മക്കളെ അദ്ദേഹമാണു വളര്‍ത്തിയത്.
ദൗത്യത്തിന് മുമ്പ് അദ്ദേഹം തന്റെ വീല്പത്രം സംബന്ധിച്ചു മക്കളോട് സംസാരിച്ചിരുന്നു.





