ടെഹ്റാന്: ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള മൊജ്തബ ഖമനേയിക്കും യു.എസ്-ഇസ്രയേല്‍ ആക്രമണത്തില്‍ ഗുരുതരപരുക്ക്. മുഖത്തും കാലുകളിലും പരുക്കേറ്റ മൊജ്തബ (56) സുഖം പ്രാപിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പിതാവും മുന്‍ പരമോന്നതനേതാവുമായ ആയത്തുള്ള അലി ഖമനേയി വധിക്കപ്പെട്ട അതേ ആക്രമണത്തിലാണ് മൊജ്തബയ്ക്കും പരുക്കേറ്റത്.
യുദ്ധത്തിന്റെ തുടക്കത്തില്‍, കഴിഞ്ഞ ഫെബ്രുവരി 28-നാണ് ആയത്തുള്ള അലി ഖമനേയി യു.എസ്-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ വധിക്കപ്പെട്ടത്. അന്നത്തെ ആക്രമണത്തില്‍ മൊജ്തബ ഖമനേയിയുടെ കാലുകള്‍ക്കു ഗുരുതരപരുക്കേറ്റതായി അദ്ദേഹത്തിന്റെ വിശ്വസ്തരെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പരുക്ക് ഗുരുതരമാണെങ്കിലും മനക്കരുത്തോടെ അതിജീവിച്ച മൊജ്തമ സുഖം പ്രാപിച്ചുവരുന്നു. എന്നാല്‍, മൊജ്തബയ്ക്ക് ഒരു കാല് നഷ്ടപ്പെട്ടതായാണ് യു.എസ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം.
പരമോന്നതനേതാവെന്ന നിലയില്‍ ഓഡിയോ കോണ്‍ഫറന്‍സിങ് നടത്തിയാണ് മൊജ്തബ നിര്‍ണായകതീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. അതേസമയം, ഇസ്രയേലിന്റെ വധഭീഷണിയുള്ള സാഹചര്യത്തില്‍ മൊജ്തബ അജ്ഞാതകേന്ദ്രത്തില്‍ തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും ദുരൂഹമാണ്. ചികിത്സയില്‍ തുടരുന്ന മൊജ്തബ അബോധാവസ്ഥയിലാണെന്നും അഭ്യൂഹങ്ങളുണ്ട്.
അലി ഖമനേയി വധിക്കപ്പെട്ട വ്യോമാക്രമണത്തിനും തുടര്‍ന്ന് മാര്‍ച്ച് എട്ടിന് മൊജ്തബയെ പിന്‍ഗാമിയായി തെരഞ്ഞെടുത്തതിനും ശേഷം മൊജ്തബയുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ ശബ്ദരേഖയോ പുറത്തുവന്നിട്ടില്ല. പരമോന്നതനേതാവായി തെരഞ്ഞെടുക്കപ്പെട്ടശേഷം കഴിഞ്ഞമാസം രാജ്യത്തെ അഭിസംബോധന ചെയ്തെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവന ഔദ്യോഗിക ടെലിവിഷനില്‍ അവതാരകന് വായിക്കുകയായിരുന്നു.





