വാഷിങ്ടണ്‍: അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം മനുഷ്യര്‍ക്കൊപ്പം ചന്ദ്രനെ ചുറ്റിയ ആര്‍ട്ടെമിസ് 2 ഭൂമിയില്‍ തിരിച്ചിറങ്ങി. അമേരിക്കയിലെ കാലിഫോര്‍ണിയയ്ക്കു സമീപം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.37നാണ് നാലു യാത്രികരടങ്ങിയ ഓറിയണ്‍ പേടകം പസഫിക് സമുദ്രത്തിലിറങ്ങിയത്. യു.എസുകാരായ റീഡ് വൈസ്മാന്, വിക്ടര്‍ ഗേ്ലാവര്‍, ക്രിസ്റ്റീന കുക്ക് എന്നിവരും കാനഡയില്‍നിന്നുള്ള ജെറമി ഹാന്‍സനുമാണ് പേടകത്തിലുണ്ടായിരുന്നത്. ഇവരെ കാത്ത് യു.എസ്.എസ് ജോണ്‍ പി. മര്‍ത്ത എന്ന റെസ്ക്യൂ കപ്പല്‍ ജലപ്പരപ്പില്‍ നിലകൊണ്ടിരുന്നു. പേടകം സമൂദ്രം തൊട്ടതോടെ യു.എസ് നാവികസേനയും റസ്ക്യൂ ടീമും അടുത്തെത്തി. തുടര്‍ന്ന് യാത്രികരെ ഹെലികോപ്റ്ററില്‍ കപ്പലിലേക്കു മാറ്റി. അതിനൂശേഷം പ്രാഥമിക ആരോഗ്യപരിശോധനകള്‍ നടത്തിയാണ് ഇവരെ കരയിലെത്തിച്ചത്.
ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലായ അപ്പോളോ ദൗത്യങ്ങള്‍ക്കുശേഷം മനുഷ്യരെ ചന്ദ്രനു സമീപമെത്തിക്കുന്ന അതുല്യ ദൗത്യമാണ് ആര്‍ട്ടെമിസ് 2 നിര്‍വഹിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഓറിയോണ്‍ പേടകം മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ വേഗം കൈവരിച്ചിരുന്നു. ഈ സമയം പേടകത്തിനു ചുറ്റുമുള്ള ചൂട് 2,800 ഡിഗ്രി സെല്‍ഷ്യസ് വരെയായി. യാത്രികര്‍ ഇരുന്ന ക്രൂ കാപ്സ്യൂള്‍ വേര്‍പെട്ടാണ് അവസാനഘട്ടത്തില്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. തീഗോളം കണക്കെയായിരുന്നു പിന്നീടുള്ള പ്രയാണം. പേടകത്തിലെ താപകവചം ഈ ഘട്ടത്തില്‍ യാത്രികര്‍ക്കു സംരക്ഷണം നല്കി. തുടര്‍ന്ന് വേഗത നിയന്ത്രിക്കാനും ഘര്‍ഷണം ലഘൂകരിക്കാനുമുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു. പാരച്യൂട്ടുകളുടെ സഹായത്തോടെ പേടകം ഒടുവില്‍ കടലിലേക്കു പതിക്കുകയായിരുന്നു. അന്തരീക്ഷത്തില്‍ പ്രവേശിച്ചതിനുശേഷം പേടകം സമുദ്രത്തില്‍ പതിക്കാനെടുത്ത സമയം 15 മിനിറ്റാണ്. ഈ ഘട്ടം 'സ്പ്ലാഷ് ഡൗണ്‍' എന്നറിയപ്പെടുന്നു.
ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഏപ്രില്‍ ഒന്നിനാണ് പേടകം ചന്ദ്രനിലേക്കു കുതിച്ചത്. അതിനു 11 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് യാത്രികര്‍ തിരിച്ചെത്തിയത്.
നിരവധി റെക്കോഡുകളുമായാണ് ആര്‍ട്ടെമിസ്2 യാത്രികര്‍ മടങ്ങിയെത്തിയത്. ഭൂമിയില്‍നിന്ന് 4,06,771 കിലോമീറ്റര്‍ അകലെ വരെ യാത്ര ചെയ്താണ് അവര്‍ മടങ്ങിയെത്തിയത്. അപ്പോളോ 13 ദൗത്യം സ്ഥാപിച്ച റെക്കോഡാണു തകര്‍ത്തത്. ചന്ദ്രന്റെ മറുവശവും, പുരാതന തടങ്ങളും ഗര്‍ത്തങ്ങളും ഉള്‍പ്പെടെയുള്ള നിരവധി ചന്ദ്രോപരിതല ലക്ഷ്യസ്ഥാനങ്ങളും അവര്‍ നിരീക്ഷിച്ചു. ഗേ്ലാവര്‍ ചന്ദ്രന്റെ സമീപത്ത് എത്തുന്ന ആദ്യത്തെ കറുത്ത വംശജനായ ബഹിരാകാശ യാത്രികനായി, ക്രിസ്റ്റീന കുക്ക് ആദ്യത്തെ വനിതയായി, ഹാന്സന് ആദ്യത്തെ കനേഡിയന്‍ പൗരനുമായി.





