കോഴിക്കോട്: മാനാഞ്ചിറ ഡോ. സി.ബി.സി. മെമ്മോറിയല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഫീസ്‌റ്റോ അമ്പതാം വാര്‍ഷിക അഖിലേന്ത്യാ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലിലേക്ക്. വനിതകളുടെ ഫൈനലില്‍ അപരാജിതരായി കുതിക്കുന്ന കേരളാ സ്‌റ്റേറ്റ് ഇലക്ര്‌ടിസിറ്റി ബോര്‍ഡ് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സെക്കന്ദരാബാദിനെ നേരിടും. അവസാന ലീഗ് മത്സരത്തില്‍ ഐ.സി.എഫ് ചെന്നൈയെ (94-58) തോല്‍പ്പിച്ചാണു സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ഫൈനല്‍ ഉറപ്പാക്കിയത്. ഒന്നാം പകുതി മുതല്‍ തന്നെ ആധിപത്യം പുലര്‍ത്തിയ റെയില്‍വേയ്‌ക്ക് വേണ്ടി ഹര്‍ഷിത ബി (23 പോയിന്റ്), സാന്ദ്ര ഫ്രാന്‍സിസ് (13), പുഷ്‌പ സെന്തില്‍ കുമാര്‍ (12) എന്നിവര്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു. ഐ.സി.എഫ്. നിരയില്‍ ഹിരണി (20 പോയിന്റ്), നികിത അമുദന്‍ (11) എന്നിവര്‍ പൊരുതിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. പുരുഷ വിഭാഗത്തില്‍ ബാംഗ്ലൂര്‍ യങ്ങ് ഓറിയണ്‍സ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ (98-62) തോല്‍പ്പിച്ച് ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി. ഇന്നു വൈകിട്ട് അഞ്ച് മുതലാണു വനിതാ ഫൈനല്‍. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ബാങ്ക് ചെന്നൈ കെ.എസ്.ഇ.ബിയെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്നിരുന്നു.



