ദോഹ: പാകിസ്താന്റെ മധ്യസ്ഥതയില്‍ ഇസ്ലാമാബാദില് നടന്ന അമേരിക്ക-ഇറാന് ഉന്നതതല ചര്‍ച്ചകള്‍ കരാറിലെത്താതെ പിരിഞ്ഞതോടെ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക. 21 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ മേഖലയിലെ വെടിനിര്‍ത്തല്‍ എത്രനാള്‍ തുടരുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
നയതന്ത്ര ചര്‍ച്ചകള്‍ ഫലം കാണാതെ പിരിഞ്ഞതോടെ വിമാനയാത്രാ നിരക്കുകള്‍ ഇനിയും വര്‍ധിക്കുമെന്ന് ഉറപ്പായി. ഇന്ധനവി വര്‍ധനയും വിമാനപാതകളിലെ മാറ്റങ്ങളും ടിക്കറ്റ് നിരക്കിനെ നേരിട്ട് ബാധിക്കും.
അവധിക്കാലം മുന്നില്‍ക്കണ്ടും അടിയന്തിരസാഹചര്യത്തിലും നാട്ടിലേക്ക് വരാനിരിക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇത് കടുത്ത സാമ്പത്തിക ബാധ്യതയാകും സൃഷ്ടിക്കുക. ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ വീണ്ടും ആക്രമണങ്ങള്‍ ഉണ്ടാകുമോ എന്ന ഭീതിയിലാണ് പ്രവാസി സമൂഹവും ഗള്‍ഫിലെ ഭരണകൂടങ്ങളും.
ഇറാന്റെ ഭാഗത്തുനിന്നുള്ള ലംഘനങ്ങള്‍ക്കെതിരേ ഖത്തര്‍ ഇതിനോടകം 14 തവണയാണ് യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലിന് പരാതി നല്‍കിയത്. രാജ്യാന്തര നിയമങ്ങള്‍ ള്‍ ലംഘിച്ചുകൊണ്ട് സിവിലിയന്‍ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഖത്തറിന്റെ ആവശ്യം. ലോകത്തെ 20 ശതമാനത്തോളം എണ്ണയും വാതകവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആഗോള ഊര്‍ജ്ജ വിപണിയെവരിഞ്ഞുമുറുക്കിയിരിക്കുകയാണ്. ചര്‍ച്ചകള്‍ ഫലം കാണാത്തത് ഖത്തറിന്റെ എല്‍എന്‍ജി കയറ്റുമതിയെയും ബാധിച്ചേക്കാം. കടലിടുക്കിലെ ടോള്‍ പിരിവ് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ശക്തമാണ്.സുരക്ഷാ കാരണങ്ങളാല്‍ വിമാന സര്‍വീസുകളുടെ സുഗമമായ നടത്തിപ്പിന് വലിയ വെല്ലുവിളിയും നേരിടുകയാണ്.
ആക്രമണങ്ങള്‍ തടയാന്‍ ഖത്തര്‍ പണം നല്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വിദേശകാര്യമന്ത്രാലയം വക്താവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി തള്ളി. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ ഖത്തര്‍ ഒറ്റക്കെട്ടായി നേരിടുമെന്നും ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഷഫീക്ക് അറയ്ക്കല്‍




