മോസ്കോ: ഈസ്റ്റര്‍ പ്രമാണിച്ച് റഷ്യയും യുൈക്രനും പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പൊളിഞ്ഞു. റഷ്യന്‍, യുൈക്രന് ഓര്‍ത്തഡോക്സ്് സഭകളുടെ ഈസ്റ്റര്‍ ഇന്നലെയായിരുന്നു. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് നാലിനാണു വെടിനിര്‍ത്തല്‍ തുടങ്ങിയത്.
റഷ്യന്‍ സൈന്യം 2,299 ലംഘനങ്ങള്‍ നടത്തിയതായി യുൈക്രന് സൈന്യം ആരോപിച്ചു. തങ്ങളുടെ നിരായുധരായ നാല് സൈനികരെ വെടിവച്ചുകൊന്നതായി അവര്‍ ആരോപിച്ചു. യുൈക്രന് സൈന്യം 1,971 ലംഘനങ്ങള്‍ നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഡ്നിപ്രോപെട്രോവ്സ്ക് മേഖലയില്‍ മൂന്ന് തവണ ആക്രമണം നടത്തിയെന്നാണ് ആരോപണം. ഈസ്റ്റര്‍ കഴിഞ്ഞും വെടിനിര്‍ത്തല്‍ തുടരാന്‍ മധ്യസ്ഥര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, റഷ്യ ഈ നിര്‍ദേശം തള്ളി, ഇന്നു മുതല്‍ ആക്രമണം പുനരാരംഭിക്കുമെന്ന് അവര്‍ അറിയിച്ചു. ഖാര്‍കീവ് മേഖലയില്‍, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം റഷ്യന്‍ സൈന്യം നാല് യുൈക്രന് സൈനികരെ വധിച്ചതായി പ്രാദേശിക പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ഈസ്റ്റര്‍ വെടിനിര്‍ത്തല്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കിയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. റഷ്യ അടക്കമുള്ള ചില രാജ്യങ്ങളിലെ ഓര്‍ത്തഡോക്സ് സഭകള്‍ ജൂലിയന്‍ കലണ്ടറാണു പിന്തുടരുന്നത്. ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഇന്നലെയായിരുന്നു ഈസ്റ്റര്‍.



