ഇസ്ലാമാബാദ്/വാഷിങ്ടണ്‍: വെടിനിര്‍ത്തലിന്റെ അടുത്ത ഘട്ടമായി സമാധാന കരാര്‍ രൂപീകരിക്കാന്‍ യു.എസും ഇറാനും പാകിസ്താനില്‍ നടത്തിയ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട ചര്‍ച്ച പരാജയപ്പെട്ടതോടെ പരസ്പരം ഭീഷണിപ്പെടുത്തിയും കുറ്റപ്പെടുത്തിയും ഇറാനും യു.എസും. ഇറാനു കപ്പം നല്കി ഹോര്‍മൂസ് കടലിടുക്കിലൂടെ യാത്ര ചെയ്യാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ തടയുമെന്നു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി. അസംസ്കൃണ എണ്ണ വില്ക്കാന് ഇറാനെ അനുവദിക്കില്ല. ഇറാന്റെ ഊര്‍ജനിലയങ്ങള്‍ തകര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ റഷ്യയുടെയും ചൈനയുടെയും പിന്തുണ തേടാനുള്ള ശ്രമം ഇറാന് ആരംഭിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ചര്‍ച്ച നടത്തി. ഇറാനെ സഹായിക്കാന്‍ ശ്രമിച്ചാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്നു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരിച്ചടിച്ചു.
തങ്ങളുടെ നിലപാട് വ്യക്തമാക്കിയശേഷമാണു വാഷിങ്ടണ്ണിലേക്കു മടങ്ങുന്നതെന്നു യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അറിയിച്ചു. ആണവായുധങ്ങള്‍ നിര്‍മിക്കില്ല എന്ന നിബന്ധന ഉള്‍പ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങള്‍ ഇറാന് അംഗീകരിച്ചില്ല. അമേരിക്കന്‍ പ്രസിഡന്റിന്റെ ലക്ഷ്യം ചര്‍ച്ചകളിലൂടെ നേടിയെടുക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
യു.എസ്. പ്രതിനിധികള്‍ക്ക് തങ്ങളുടെ വിശ്വാസം നേടാന്‍ കഴിഞ്ഞില്ലെന്ന്
ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖലിബാഫ് അറിയിച്ചു. യു.എസിന്റെ പിടിവാശി ഉടമ്പടിയിലെത്തുന്നതിനു തടസമായെന്ന് അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്കും ഇറാന്റെ ആണവ പരിപാടിയുമാണ് പ്രധാന ഭിന്നതകളെന്ന് മധ്യസ്ഥര്‍ സൂചന നല്കി.
ഇരു രാജ്യങ്ങളും അംഗീകരിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് പാകിസ്താന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞു.
ഇറാന് സ്റ്റേറ്റ് ടിവി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പറയുന്നതനുസരിച്ച്, ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം, യുദ്ധ നഷ്ടപരിഹാരം, ലെബനന് ഉള്‍പ്പെടെയുള്ള മേഖലയിലെ വെടിനിര്‍ത്തല്‍, വിദേശത്തുള്ള അവരുടെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുകിട്ടല്‍ എന്നിവയാണ് ഇറാന് ആവശ്യപ്പെടുന്നത്. ഹോര്‍മുസ് കടലിടുക്കില്‍നിന്ന് യാത്രാ ഫീസ് ശേഖരിക്കാനും ഇറാന് ആഗ്രഹിക്കുന്നു.
ഇറാനില്‍ ഭരണമാറ്റം എന്ന ആവശ്യത്തില്‍നിന്നു ഡോണള്‍ഡ് ട്രംപ് പിന്മാറിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് വഴി തടസമില്ലാതെയുള്ള കപ്പല്‍ യാത്ര, ഇറാനിയന്‍ ആണവ വിപുലീകരണ പരിപാടി അവസാനിപ്പിക്കുക, അതുവഴി ഒരു ആറ്റം ബോംബ് നിര്‍മിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് ട്രംപ് ആഗ്രഹിക്കുന്നത്. ആണവായുധം നിര്‍മിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഇറാന് ദീര്‍ഘകാലമായി നിഷേധിച്ചുവരികയാണ്. സമാധാന കരാറിനായുള്ള ശ്രമങ്ങള്‍ ഒമാനും യൂറോപ്യന്‍ യൂണിയനും തുടരുന്നുണ്ട്.



