ബെയ്റൂട്ട്: ഇറാനും യു.എസും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം തുടരവേ തെക്കന്‍ ലെബനനിലെ ഗ്രാമങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍.
അതിര്‍ത്തി ഗ്രാമങ്ങളിലെ വീടുകളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് വിദൂര നിയന്ത്രിത സ്ഫോടനങ്ങളിലൂടെ നശിപ്പിക്കുകയാണ് ഇസ്രയേല്‍ ചെയ്യുന്നത്. തയ്ബെ, നാഖൗറ, ഡീര്‍ സെറിയന്‍ എന്നീ അതിര്‍ത്തി ഗ്രാമങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ ഇസ്രയേല്‍ സൈന്യം തന്നെ പുറത്തുവിട്ടു. ലെബനീസ് മാധ്യമങ്ങളും സമാനമായ രീതിയില്‍ മറ്റ് അതിര്‍ത്തി ഗ്രാമങ്ങളിലും കൂട്ടത്തോടെയുള്ള സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗാസയിലെ റാഫയിലും ബെയ്റ്റ് ഹനൂനിലും പ്രയോഗിച്ച മാതൃകയില്‍, അതിര്‍ത്തി ഗ്രാമങ്ങളിലെ 'എല്ലാ വീടുകളും' നശിപ്പിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ് ആക്രമണങ്ങള്‍ തുടങ്ങിയത്.
ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ലെബനനില്‍ പ്രവേശിച്ചതെന്നാണ് ഇസ്രയേലിന്റെ വാദം. യുദ്ധം ആരംഭിച്ചതിന് ശേഷം ലെബനനില്‍ 2,000ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തെക്കന്‍ ലെബനന്റെ വലിയ ഭാഗങ്ങള്‍ തങ്ങള്‍ കൈവശപ്പെടുത്തുമെന്നും ലിത്താനി നദി വരെയുള്ള മുഴുവന്‍ പ്രദേശത്തുകൂടിയും 'സുരക്ഷാ മേഖല' സ്ഥാപിക്കുമെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ നഗരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ കുടിയൊഴിപ്പിക്കപ്പെട്ട താമസക്കാര്‍ക്ക് തിരികെ വരാന്‍ അനുമതിയുണ്ടായിരിക്കില്ലെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



