ടെഹ്‌റാന്‍: ഇറാന്‍ - യു.എസ്. സമാധാന ചര്‍ച്ചയെ അട്ടിമറിച്ചത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവെന്ന് ഇറാന്‍. ചര്‍ച്ചകള്‍ക്കിടയില്‍ വന്ന ഫോണ്‍കോളാണ് പ്രതിസന്ധിയുണ്ടാക്കിയതത്രേ.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെയാണു വിളിച്ചത്.
പാകിസ്‌താന്റെ തലസ്‌ഥാനമായ ഇസ്ലാമാബാദില്‍ ഏകദേശം 21 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഉടമ്പടിയിലെത്താതെ വാന്‍സ് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഖ്‌ചി എക്‌സ് (മുന്‍പ് ട്വിറ്റര്‍) വഴി ഈ ആരോപണം ഉന്നയിച്ചത്.
'ചര്‍ച്ചകള്‍ക്കിടയില്‍ വാന്‍സുമായി നെതന്യാഹു നടത്തിയ സംഭാഷണം വലിയ മാറ്റമായിരുന്നു. യു.എസ്-ഇറാന്‍ വിഷയങ്ങളില്‍നിന്ന് ഇസ്രയേലിന്റെ താല്‍പര്യങ്ങളിലേക്ക് ചര്‍ച്ച വഴിമാറ്റാന്‍ കാരണമായി'- അറാഖ്‌ചി എഴുതി. 'യുദ്ധത്തിലൂടെ നേടാന്‍ കഴിയാതിരുന്നത് അമേരിക്ക ചര്‍ച്ചകളിലൂടെ നേടാന്‍ ശ്രമിച്ചു.'- അദ്ദേഹം പറഞ്ഞു.
നല്ല ഉദ്ദേശത്തോടെയാണ് പാകിസ്‌താന്‍ ആതിഥേയത്വം വഹിച്ച ചര്‍ച്ചകളില്‍ ഇറാന്‍ പങ്കെടുത്തതെന്നും വാന്‍സ് മടങ്ങുന്നതിനു മുമ്പുള്ള പത്രസമ്മേളനം 'അനാവശ്യമായിരുന്നു' എന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ തങ്ങളുടെ 'രാജ്യത്തിന്റെ താല്‍പര്യങ്ങളെയും പരമാധികാരത്തെയും സംരക്ഷിക്കാന്‍ പ്രതിജ്‌ഞാബദ്ധരും സന്നദ്ധരുമായി തുടരുന്നു' എന്നും അദ്ദേഹം വ്യക്‌തമാക്കി.
നെതന്യാഹുവിന്റെ ഫോണ്‍കോളിനെക്കുറിച്ച് വാഷിങ്‌ടണ്‍ സ്‌ഥിരീകരിച്ചിട്ടുമില്ല, നിഷേധിച്ചിട്ടുമില്ല.
ചര്‍ച്ചകളുടെ പരാജയം സമാധാനത്തിനു വലിയ ഭീഷണിയാണ്. യു.എസ്- ഇറാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പ്രകാരമുള്ള സമയപരിധി അവസാനിക്കാന്‍ ഇനി എട്ട് ദിവസം മാത്രമാണുള്ളത്. അമേരിക്കന്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലാത്തതാണെന്ന് ഇറാന്‍ ഉദ്യോഗസ്‌ഥരും പ്രാദേശിക മധ്യസ്‌ഥരും പ്രതികരിച്ചു.
ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എണ്ണക്കപ്പലുകളുടെ സുരക്ഷയെക്കുറിച്ചും ഊര്‍ജ വിലയെക്കുറിച്ചുമുള്ള അനിശ്‌ചിതത്വം വീണ്ടും ഉയര്‍ന്നു. ഏപ്രില്‍ 9ന് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് മുമ്പ്, ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധിയുടെ ആദ്യ ഘട്ടങ്ങള്‍ക്ക് ശേഷം ബ്രെന്റ് ക്രൂഡിന് ബാരലിന് 119 ഡോളറിന് മുകളിലായിരുന്നു വ്യാപാരം.
ഹ്രസ്വമായ നയതന്ത്ര ഇടപെടല്‍ വില 95 ഡോളറിലേക്ക് കുറച്ചിരുന്നു, എന്നാല്‍ വിശകലന വിദഗ്‌ധരുടെ അഭിപ്രായത്തില്‍ ആ ആശ്വാസം ഇല്ലാതാകുകയാണ്. ഉടമ്പടിയില്ലാതെ വെടിനിര്‍ത്തല്‍ അവസാനിച്ചാല്‍ എണ്ണവില വീണ്ടും മൂന്നക്കത്തിലേക്ക് എത്താന്‍ സാധ്യതയുണ്ട്.
നയതന്ത്ര ചര്‍ച്ചയിലെ പരാജയം യു.എസിനും തിരിച്ചടിയായിട്ടുണ്ട്.
ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് സ്‌പെയിനും ഇറ്റലിയും തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ പാടില്ലെന്നു വ്യക്‌തമാക്കിയിട്ടുണ്ട്. ഗള്‍ഫ് പങ്കാളികളും വീണ്ടും യുദ്ധം ആരംഭിക്കുന്നതിനോടുള്ള താല്‍പര്യമില്ലായ്‌മ അറിയിച്ചെന്നു റിപ്പോര്‍ട്ടുണ്ട്.




